അടൂർ: സ്വന്തമായി നിർമിച്ച കാറുമായി അടൂർ എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾ ദേശീയ തല കാറോട്ട മൽസരത്തിന്. 26 ന് ദില്ലി ബുഡ് അന്താരാഷ്ട്ര ട്രാക്കിൽ നടക്കുന്ന കാറോട്ട മൽസരത്തിലാണ് ടീം ദ്രുത എന്ന പേരിൽ 25 അംഗ വിദ്യാർഥികൾ പങ്കെടുക്കുന്നത്.കോളജ് അധ്യാപകനും പൂർവ വിദ്യാർഥിയും കൂടിയായ ടി.ആർ. അനുരാജിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പൂർണമായി നിർമിച്ച കാറാണ് നിരത്തിലിറക്കി കാറോട്ട മൽസരത്തിന് സജ്ജമാക്കിയിരിക്കുന്നത്.
390 സി സി എൻജിനിൽ മറ്റ് ഇതരഭാഗങ്ങളെല്ലാം തന്നെ ഭാരം കുറച്ച് നിർമിച്ചിരിക്കുന്ന കാർ നല്ല പ്രകടനം മൽസരത്തിൽ കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ നിന്നും മൽസരിക്കുന്ന മൂന്ന് ടീമുകളിൽ ഒന്നായ ദ്രുത ടീം ഇതു വരെ ബുദ്ധ് രാഷ്ട്ര ട്രാക്കിൽ കാറോടിച്ചിട്ടുള്ള ഏകടീമാണ് .
എല്ലാത്തര സുരക്ഷ ടെസ്റ്റുകളും പാസായതിന് ശേഷമാണ് കാർ ട്രാക്കിൽ മൽസരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടിയത്. അഞ്ച് ലക്ഷത്തോളം രൂപയാണ് നിർമാണച്ചെലവ്. ഇതിൽ ഒരു ലക്ഷം രൂപ കോളജ് പിടിഎയാണ് നൽകിയത്. ഓൺ റോഡ് മൽസരത്തിന് പുറമേ ഓഫ് റോഡ് മൽസരങ്ങളിലും കോളജിൽ നിന്നും അസ്ത്ര എന്ന ടീം മൽസരിക്കുന്നുണ്ട്.
ഓഫ് റോഡ് വാഹനം നിർമിച്ച് ദേശീയ തലത്തിൽ കഴിവ് തെളിയിക്കുകയാണ് ഇവിടത്തെ വിദ്യാർഥികൾ. 2012 മുതൽ ഓൺ റോഡ് മൽസരങ്ങളിൽ പങ്കെടുത്ത അനുഭവങ്ങളുടെ പ്രചോദനം ഉൾക്കൊണ്ടാണ് ഓഫ് റോഡിങ്ങിനായി ടീം രൂപീകരിച്ചത്.ഓഫ് റോഡിങ് വാഹനം നിർമിക്കുന്നതിന് ആറുലക്ഷത്തോളം രൂപയാണ് ചെലവായത്.