പരിയാരം: സ്വകാര്യ ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു പ്രായമായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കാര്‍ യാത്രികരെ ആക്രമിച്ച കൊള്ളയടിച്ച സംഭവത്തിൽ ബസ് ജീവനക്കാർ ഉൾപ്പെടെ ഒൻപതംഗസംഘത്തിലെ നാലുപേർ അറസ്റ്റിൽ. അഞ്ചുപേരെ തിരിച്ചറിഞ്ഞു.
അക്രമിസംഘം സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു.സ്വകാര്യ ബസ് ഡ്രൈവർ കക്കാട് സ്വദേശി ഫവാദ് (27), ക്ലീനർ പുതിയതെരു കടലായി ജെ.ജെ. നിവാസിൽ ജിതിൻ ജയരാജ് (25), ക്ലീനർ പാണപ്പുഴ സ്വദേശി അയിലവളപ്പിൽ സതീഷ് (27), ബസിന്റെ മാനേജരും ആക്രമണത്തിന് നേതൃത്വം നൽകുകയും ചെയ്ത അള്ളാംകുളം സ്വദേശി അരോളിന്റകത്ത് സുബൈർ (35) എന്നിവരെയാണ് തളിപ്പറന്പ് സിഐ പി.കെ. സുധാകരന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
ഇന്നലെ ഉച്ചകഴിഞ്ഞു 2.45 ഓടെ ചുടലയിൽവച്ചാണ് വച്ചാണ് സംഭവം. മാഹിയില്‍നിന്ന് മണിപ്പാലിലേക്ക് പോകുന്നതിനിടെ സ്വകാര്യ ബസിനു കടന്നുപോകാൻ വഴിയൊരുക്കിയില്ലെന്നാരോപിച്ച് കാർയാത്രികരെ ഇന്നോവ കാറിലെത്തിയ സംഘം മർദിച്ച് കൊള്ളയടിക്കുകയായിരുന്നു. ഹൃദ്രോഗിയായ വയോധിക ഉൾപ്പെടെയുള്ളവരേയാണ് ഗുണ്ടാസംഘം മർദിച്ചത്. മാഹി മഞ്ചക്കൽ സ്വദേശിയും മംഗളൂരു മണിപ്പാലിൽ താമസക്കാരനുമായ ഇ.കെ. സോജിത്ത് (27), അമ്മ ആശാലത (62), സുഹൃത്ത് എന്നിവർക്കാണു മർദനമേറ്റത്.
സാരമായി പരിക്കേറ്റ സോജിത്തിനെയും ആശാലതയെയും പരിയാരം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു. ആശാലതയുടെ കാൽ ഒടിഞ്ഞിട്ടുണ്ട്. സോജിത്തിന്റെ അഞ്ചു പവൻ സ്വർണമാലയും ഗുണ്ടാസംഘം കവർന്നു.ധർമശാലയിലുണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട കണ്ണൂർ -പയ്യന്നൂർ റൂട്ടിലോടുന്ന തബു ബസിന് മുന്നിലുണ്ടായിരുന്ന സോജിത്തിന്റെ കാർ കാരണം കടന്നുപോകാൻ കഴിയാഞ്ഞതിനെത്തുടർന്നായിരുന്നു പ്രശ്നങ്ങൾ ആരംഭിച്ചത്.
കാർ തളിപ്പറന്പ് ലൂർദ് ആശുപത്രിക്കു സമീപമെത്തിയപ്പോൾ ടെമ്പോ ട്രാവലറിലെത്തിയ ഗുണ്ടാസംഘം കാര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇതു വിഫലമായതോടെ ചുടല വളവില്‍ ഇന്നോവയിലെത്തി സംഘം കാർ തടഞ്ഞ് മർദിക്കുകയായിരുന്നു.
ഹൃദ്രോഗിയായ മാതാവിനെ ഉപദ്രവിക്കരുതെന്ന് കരഞ്ഞുപറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നു സോജിത്ത് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കാർ യാത്രികരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുന്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. അക്രമികൾ സഞ്ചരിച്ച കെഎൽ 13 ആർ 8899 കറുത്ത നിറത്തിലുള്ള ഇന്നോവയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പരിയാരത്ത് റോഡരികിലെ ഒരു കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലാണ് ഇന്നോവ പോലീസ് കണ്ടെത്തിയത്.
കാർ യാത്രികർ മർദിച്ചെന്നാരോപിച്ച് ബസിന്റെ മാനേജർ സുബൈർ തളിപ്പറന്പിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. എന്നാൽ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ വച്ച് തന്നെ സുബൈറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽ നിന്ന് അക്രമിസംഘത്തിൽപ്പെട്ട അഞ്ചുപേരെയും കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി സിഐ പി.കെ. സുധാകരൻ
തളിപ്പറമ്പ്: ഉത്തരേന്ത്യന്‍ ശൈലിയില്‍ കാര്‍ യാത്രികരെ റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച ഗുണ്ടാസംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വലയിലാക്കിയ തളിപ്പറമ്പ് സി ഐ പി.കെ.സുധാകരന് അഭിനന്ദന പ്രവാഹം. ഇന്നലെ ഉച്ചയ്ക്ക് 2.24 ന് കാര്‍ യാത്രക്കാര്‍ അക്രമിക്കപ്പെട്ടതറിഞ്ഞതോടെ സ്ഥലത്തെത്തിയ സിഐയുടെ നേതൃത്വത്തിലുള്ള സംഘം കെഎല്‍ 13 എജി 1899 നമ്പര്‍ തബു ഇന്‍സാറ്റ് ബസും മൂന്ന് ജീവനക്കാരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവരുടെ മൊബൈല്‍ ഫോണിലെ നമ്പറുകള്‍ പരിശോധിച്ചാണ് അക്രമിസംഘത്തെ കണ്ടെത്തിയത്. ഇതിനിടയില്‍ ബസ് മാനേജര്‍ അള്ളാംകുളം സ്വദേശി സുബൈര്‍ കാര്‍ ഇടിച്ച് പരിക്കേറ്റു എന്ന പേരില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ആശുപത്രിയിലെത്തിയ സിഐ ഇയാളെ എല്ലാവിധ പരിശോധനകളും നടത്താന്‍ നിര്‍ദ്ദേശിക്കുകയും പരിശോധനയില്‍ കുഴപ്പമില്ലെന്ന് വ്യക്തമായതോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സുബൈറിനെ ചോദ്യം ചെയ്തതില്‍ നിന്നും കേസില്‍ ഉള്‍പ്പെട്ട അഞ്ചോളം പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടി അന്വേഷണം നടന്നുവരികയാണ്. സ്ത്രീകളെ അക്രമിച്ചതിന് ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ഇവരുടെ പേരില്‍ ചുമത്തിയിട്ടുള്ളത്.ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ചില ബസുകള്‍ക്കെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിഐ പി.കെ.സുധാകരന് അറിയിച്ചു.