കറുകച്ചാൽ: വാഹനത്തിന് അള്ളുവെച്ചെന്ന പരാതിയിൽ പഞ്ചായത്ത് മെന്പറും വ്യാപാരിയും കൊന്പു കോർത്തു. സംഭവം പോലീസ് സ്റ്റേഷനിൽ വരെ എത്തി നിൽക്കുന്നു. കടയ്ക്കു മുന്പിൽ കാർ പാർക്കു ചെയ്തതിൽ പ്രകോപിതനായ വ്യാപാരി ടയറിൽ അള്ളുവച്ചുവെന്നാണ് പഞ്ചായത്ത് മെന്പറുടെ പരാതി.
കറുകച്ചാൽ-വാഴൂർ റോഡിൽ കെഎസ്എഫ്ഇക്ക് സമീപം ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. കറുകച്ചാൽ പഞ്ചായത്തംഗം സുനിൽ ഈശോയുടെ കാറിന്റെ ടയറിലാണ് അള്ളുവച്ചത്. കെഎസ്എഫ്ഇയിലേക്ക് പോകുന്നതിനായി എത്തിയ സുനിൽ കാർ സമീപത്തെ കടയ്ക്ക് മുന്പിൽ പാർക്കു ചെയ്തത് വ്യാപാരി ചോദ്യം ചെയ്തിരുന്നു.
വാഹനം മാറ്റണമെന്ന് ആവശ്യപെട്ടെങ്കിലും സ്ഥലം ഇല്ലാത്തതിനാലാണന്നും ഉടൻ മാറ്റാമെന്ന് പറഞ്ഞ് സുനിൽ പോകുകയായിരുന്നു. തിരികെ വന്ന് കാർ മുന്നോട്ടെടുത്തപ്പോഴാണ് ടയർ പഞ്ചറായ നിലയിൽ കണ്ടെത്തിയത്. അര ഇഞ്ചിന്റെ നാല് ആണികളാണ് ടയറിൽ തറച്ചിരുന്നത്. സംഭവത്തിൽ വ്യാപാരിയുടെ പേരിൽ സുനിൽ കറുകച്ചാൽ സ്റ്റേഷനിൽ പരാതി നൽകി.
എന്നാൽ ടയറിൽ അള്ളുവെച്ചുവെന്നത് സത്യമാണെന്നും അത് വ്യാപാരിയാണ് ചെയ്തതെന്ന കാര്യത്തിൽ തെളിവൊന്നുമില്ലെന്നും പോലീസ് പറഞ്ഞു. ഇരുകൂട്ടരെയും വിളിച്ചുവരുത്തി അള്ളുപ്രശ്നം പറഞ്ഞു തീർക്കാനുള്ള നീക്കത്തിലാണ് പോലീസ്.