വിലകൂടിയ കാറുകൾ സ്വന്തമായുള്ളവരിൽ ക്രിസ് സിംഗ് പ്രമുഖനാണ്. ഇൻഡോ-അമേരിക്കൻ ബിസിനസുകാരനായ ക്രിസ് നിരവധി തവണ വാർത്തകളിൽ നിറഞ്ഞിട്ടുമുണ്ട്. പക്ഷേ, ഇത്തവണ അദ്ദേഹം കാർ വാങ്ങിയതിനല്ല വാർത്താതാരമായിരിക്കുന്നത്. അദ്ദേഹം വാങ്ങിയിരിക്കുന്നത് 20 കോടി രൂപ വിലയുള്ള ആസ്റ്റൺ മാർട്ടിൻ വാൾകിറി ഹൈപ്പർ കാറാണ്. പക്ഷേ, ആ കാർ പെയിന്റ് ചെയ്യാൻ ചെലവാക്കിയിരിക്കുന്നത് 25 കോടി രൂപയാണ്. കാറിന്റെ വിലയേക്കാൾ അഞ്ചു കോടി രൂപ കൂടുതൽ.
ഉപയോഗിച്ചിരിക്കുന്ന പെയിന്റും ചില്ലറയല്ല. ചന്ദ്രനിലെ ധൂളികൂടി ചേർത്താണ് വാഹനത്തിൽ പെയിന്റ് ചെയ്തിരിക്കുന്നത്. അതിനായി ചന്ദ്രനിൽനിന്ന് ഭൂമിയിലെത്തിച്ച ഒരു പാറക്കല്ല് അദ്ദേഹം വാങ്ങിയിരുന്നു. പിന്നീട് അത് പൊടിച്ചുചേർത്തു നിർമിച്ചെടുത്ത കരോസെറി ലൂണാർ ചുവപ്പു പെയിന്റാണ് കാറിൽ അടിച്ചത്. ഇതോടെ കാറിന്റെ വില 45 കോടിയായി ഉയരുകയും ചെയ്തു.