caഅടൂര്‍: ബൈപാസിലൂടെ എത്തിയ കാര്‍ നിയന്ത്രണംവിട്ട് എതിര്‍ദിശയില്‍ കയറി കനാലിലേക്കു മറഞ്ഞത് ഡ്രൈവറുടെ പിഴവോ അശ്രദ്ധയോ മൂലമെന്നു പ്രാഥമിക നിഗമനം. പോലീസും മോട്ടോര്‍ വാഹനവകുപ്പും നടത്തിയ പരിശോധനയിലാണ് അലക്ഷ്യമായ ഡ്രൈവിംഗിനിടെയാണ് അപകടമെന്ന നിഗമനമാണുള്ളത്.
ഇക്കാര്യത്തില്‍ അപകടത്തില്‍പെട്ട വാഹനത്തിന്റെ വിശദ പരിശോധന അടക്കം ഇന്നു നടക്കും. ഇന്നലെ ഉച്ചയ്ക്ക് അടൂര്‍ കരുവാറ്റ കെഐപി കനാലിലേക്കു കാര്‍ മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന നാലുപേര്‍ പരിക്കുകളോടെ രക്ഷപെട്ടു. കൊല്ലം ആയുര്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
വിവാഹവുമായി ബന്ധപ്പെട്ട് പുടവ കൊടുക്കാന്‍ വരന്റെ വീട്ടില്‍ നിന്നു വധു ഗൃഹത്തിലേക്കു പുറപ്പെട്ട സംഘത്തിലെ ഒരു വാഹനമാണ് ് അപകടത്തില്‍ പെട്ടത്. വരന് അമല്‍ ഷാജിയുടെ സഹോദരന് അഖില്‍ ഷാജിയുടെ പേരിലുള്ള കാറാണ് മറിഞ്ഞത്.
ഈ കാര്‍ ഓടിച്ചിരുന്നത് ഈ കുടുംബത്തിലെ സ്ഥിരം ഡ്രൈവര്‍ ശരത് ആയിരുന്നു. അടൂര്‍ ബൈപാസില്‍ സംഘത്തിലെ മറ്റു കാറുകള്‍ വരുന്നതും കാത്തു കിടന്നസംഘം മറ്റുള്ള വാഹനങ്ങള്‍ മറികടന്നപ്പോള്‍ ഏറ്റവും പിന്നിലായി. അവിടെ നിന്നും വാഹനം എടുത്തശേഷമാണ് അപകടത്തില്‍ പെടുന്നത്.
കരുവാറ്റയില്‍ ബൈപാസ് ആരംഭിക്കുന്ന ഭാഗത്ത് സിഗ്്നല്‍ കാക്കാതെ വാഹനത്തിന് ഇടത്തേക്ക് തിരിയാം. കരുവാറ്റ ജംഗ്ഷനില്‍ സിഗ്നല്‍ കാത്തുകിടന്ന നിരവധി വാഹനങ്ങളെ മറികടന്നാണ് വേഗത്തിലെത്തിയ കാര്‍ മാര്‍ഗം തെറ്റി മെയിന്‍ റോഡ് മുറിച്ചുകടന്ന് എതിര്‍വശത്ത് കനാല്‍ സൈഡിലെ രണ്ടു വീടുകളിലേക്കുള്ള ഇടുങ്ങിയ പാതയിലേക്കു കയറി സഞ്ചരിച്ച് കെഐപി കനാലില്‍ പതിക്കുകയായിരുന്നുഎന്നാണ് സൂചന.
കാര്‍ ഒഴുകി മെയിന്‍ റോഡിലെ ഇടുങ്ങിയ പാലത്തിനടിയിലേക്ക് കയറി ഞെരുങ്ങിയത്രക്ഷാപ്രവര്ത്തനത്തിന് തടസം നേരിട്ടു.
കാര്‍ ഒഴുകി വരുന്നതു കണ്ട് ഓടിക്കൂടിയവര്‍ വടം കെട്ടിനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്ക് അതിന് തടസമായി.ഈ സമയം കാറിലുണ്ടാ യിരുന്ന നാല് പേരെ രക്ഷപെടു ത്തി ആശുപത്രിയില്‍ എത്തിച്ചു.
ഒഴുക്കിനെ തുടര്‍ന്ന് പാലത്തിന്റെ അടിയിലേക്ക് കയറി ഞെരുങ്ങിയ കാര്‍ വടക്കോട്ട് നീക്കാന്‍ ശ്രമിച്ചെങ്കിലും കുത്തൊഴുക്ക് കാരണംനീക്കം വിജയിച്ചില്ല. ഇതോടെ രക്ഷാപ്രവര്‍ത്തകര്‍ തെക്ക് വശത്തേക്ക് പോകുകയും കാര്‍ വടം ഉപയോഗിച്ച് പാലത്തിനടിയിലൂടെഇപ്പുറത്ത് എത്തിച്ച ശേഷം രണ്ട്
സ്ത്രീകളെ കൂടി പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇവരെ രക്ഷിക്കാനായില്ല. എല്ലാവരെയും പുറത്തെടുത്തശേഷം കൈയില്‍ ഉപയോഗിച്ച് കാര്‍ കരയ്ക്കെത്തിച്ച് കാറില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ചു.
നാട്ടുകാരുംഅഗ്നി രക്ഷസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപ്രതീക്ഷിതമായ അപകടത്തിന്റെ ഞെട്ടലിലായ പ്രദേശം ഒന്നുനോക്കാതെ രക്ഷാപ്രവര്‍ത്തനത്തിനു തയാറാകുകയായിരുന്നു. ഓടിയെത്തിയവരില്‍ നീന്തല്‍വശമുള്ള നിരവധിയാളുകള്‍ കനാലിലേക്ക് എടുത്തുചാടി രക്ഷാപ്രവര്‍ത്തകരായി.