കാറുകളോടുള്ള പ്രണയത്തിന്റെ കാര്യത്തിൽ ലയണൽ മെസിയെപ്പോലെ തന്നെ ഭ്രാന്തനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും.
ലോകത്തിലെ എണ്ണം പറഞ്ഞ ആഡംബര കാറുകളിൽ മിക്കതും റൊണാൾഡോയുടെ കാർ ഷെഡിലുണ്ട്. സൺസ്പോർട്ട് പുറത്തുവിട്ട കണക്കുപ്രകാരം ആകെ 246 കോടിയോളം രൂപ വരും റൊണാൾഡോയുടെ കാറുകളുടെ മാത്രം വില.
ബുഗാട്ടിയാണ് റൊണാൾഡോയുടെ ഇഷ്ട കാറുകളിൽ പ്രമാണി. ലോകത്ത് ആകെയുള്ള പത്ത് ബുഗാട്ടി ലാ വോയ്റ്റർ നോയർ കാറുകളിൽ ഒന്നിന്റെ ഉടമ റൊണാൾഡോയാണ്.
ഏകദേശം 75 കോടിയാണ് ഈ കാറിന്റെ വില. റൊണാൾഡോയുടെ മുപ്പത്തിയഞ്ചാം പിറന്നാളിനു പ്രിയതമ ജോർജീന റോഡ്രിഗസ് സമ്മാനമായി നൽകിയതു മെർസിഡസ് ജി ക്ലാസ് ബ്രാബസ് ആണ് .
ഇതിനു പുറമേ ലംബോർഗിനി അവന്റഡോർ, ഫെരാരി എഫ് 12 ടിഡിഎഫ് തുടങ്ങിയ കാറുകളും റൊണാൾഡോയ്ക്കുണ്ട്.
സ്കൂളിൽനിന്നു പുറത്ത്
ഇന്ന് ആഡംബരങ്ങളിൽനിന്ന് ആഡംബരങ്ങളിലേക്ക് ഒഴുകി നീങ്ങുകയാണെങ്കിലും ദാരിദ്ര്യത്തിന്റെ വിഷമതകൾ നേരിട്ട ബാല്യമായിരുന്നു ഈ ഫുട്ബോൾ മാന്ത്രികന്റേത്.
പതിന്നാലാം വയസിൽ റൊണാൾഡോയെ സ്കൂളിൽനിന്നു പുറത്താക്കി. എന്തിനാണെന്നോ? അധ്യാപികയ്ക്കു നേരെ കസേര വലിച്ചെറിഞ്ഞതിനായിരുന്നു ആ പുറത്താക്കൽ.
അൽപം വികൃതിയൊക്കെയുണ്ടെങ്കിലും അന്നു റൊണാൾഡോ അങ്ങനെ നിലവിട്ടു പെരുമാറിയതിന് ഒരു കാരണമുണ്ടായിരുന്നു.
ഫീസടയ്ക്കാൻ വൈകിയതിന്റെ പേരിൽ ടീച്ചർ തന്നെയും തന്റെ കുടുംബത്തെയും കളിയാക്കിയതു റൊണാൾഡോയെ വല്ലാതെ വിഷമിപ്പിച്ചു.
ഇതോടെയാണ് ടീച്ചർക്കെതിരേ അതിരുകടന്ന രീതിയിൽ പ്രതികരിച്ചത്. അതു സ്കൂളിൽനിന്നു പുറത്തേക്കുള്ള വഴിയും തുറന്നു.
അന്നു കസേര വലിച്ചെറിഞ്ഞ ശേഷം ക്ലാസ് മുറിയിൽനിന്ന് ഇറങ്ങി നടന്ന റൊണാൾഡോ പിന്നെ സ്കൂളിലേക്കു പോയിട്ടില്ല.
വീണതു വിദ്യ!
പകരം നേരെ നടന്നതു ഫുട്ബോൾ ഗ്രൗണ്ടിലേക്കാണ്. കൂട്ടുകാരുടെ മുന്നിൽ അപമാനിക്കപ്പെടുകയും ടീച്ചറുമായി വഴക്കുണ്ടാക്കുകയും ചെയ്തതിനാൽ വീണ്ടും ക്ലാസിലേക്കു പോകാൻ മടിയായി. അതോടെ ജീവിതം ഫുട്ബോൾ ഗ്രൗണ്ടിലായി.
ഏറെ സമയം ഫുട്ബോളുമായി ചെലവഴിച്ചു. ഇതു ക്രിസ്റ്റ്യാനോയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറി എന്നു പറയാം.
കൗതുകകരമായ മറ്റൊരു കാര്യമുണ്ട്. സ്കൂൾ വിദ്യാഭ്യാസം പോലും ക്രിസ്റ്റ്യാനോ റൊണാൾഡോ പൂർത്തിയാക്കിയിട്ടില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ച് ഒരു കോഴ്സ് കാനഡയിലെ ദി യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളന്പിയയിലുണ്ട്.
റൊണാൾഡോയുടെ ജീവിതം, നേട്ടങ്ങൾ, ഫാഷൻ തുടങ്ങി എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ കോഴ്സ്. സുന്ദരനായ ഫുട്ബോൾ താരം എന്നും ഗോസിപ്പ് കോളങ്ങൾക്കു പ്രിയപ്പെട്ടവനായിരുന്നു.
സ്വകാര്യ ജീവിതം അധികം വെളിപ്പെടുത്താൻ താരത്തിനു താത്പര്യമില്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രണയവുമായി ബന്ധപ്പെട്ടു നിരവധി കഥകൾ ഇറങ്ങിയിട്ടുണ്ട്.
(തുടരും).