ന്യൂഡല്‍ഹി: കള്ളപ്പണം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 1000 രൂപ, 500 രൂപ നോട്ടുകള്‍ റദ്ദാക്കിയത് വാഹനമേഖലയെയും പ്രതിസന്ധിയിലാക്കി. ഉത്സവസീസ ണിന്റെ പകിട്ടില്‍ മികച്ച നേട്ടമാണ് പിന്നിട്ട മാസങ്ങളില്‍ വാഹന മേഖല കൈവരിച്ചത്. എന്നാല്‍, നോട്ട് റദ്ദാക്കലിനെത്തുടര്‍ന്ന് നവംബര്‍ മാസം മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
നവംബര്‍ മാസം വാഹനവിപണിയില്‍ 5.48 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 43 മാസത്തെ ഏറ്റവും കുറഞ്ഞ വില്‍പ്പനയാണ് ഇത്. കഴിഞ്ഞ നവംബറില്‍ 16,54,407 വാഹനങ്ങള്‍ പുറത്തിറങ്ങിയിരുന്നെങ്കില്‍ ഈ വര്‍ഷം അത് 15,63,665 ആയി കുറഞ്ഞിരുന്നു.
നോട്ട് റദ്ദാക്കല്‍ പ്രധാനമായും ബാധിച്ചത് സാധാരണക്കാരെയാണ്. കാരണം, ചെറുകിടക്കാര്‍ വാങ്ങുന്ന ടൂവീലര്‍ ത്രീ വീലര്‍ വിപണികളിലാണു കനത്ത ഇടിവ് ഉണ്ടായിരിക്കുന്നത്.
സാധാരണ ആളുകള്‍ യാത്രയ്ക്കായി ആശ്രയിക്കുന്ന സ്കൂട്ടറിന്റെ വില്പന 1.85 ശതമാനം കുറഞ്ഞപ്പോള്‍ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ 10.21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.നോട്ട് റദ്ദാക്കല്‍ നടപടി ഏറ്റവും പ്രതിസന്ധിയിലാക്കിയത് ത്രീ വീലര്‍ മേഖലയെ ആണ്. വിപണി 10 മുതല്‍ 12 ശതമാനം വരെ നേട്ടം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് നോട്ട് പ്രതിസന്ധിയെത്തുടര്‍ന്ന് 25.90 ശതമാനം ഇടിവ് ഉണ്ടായിരിക്കുന്നത്.
ചരക്ക് ഗതാഗതം, ഖനനം തുടങ്ങിയ മേഖലകളില്‍ നോട്ട് റദ്ദാക്കല്‍ ഉണ്ടാക്കിയ പ്രതിസന്ധി കൊമേഴ്സ്യല്‍ വാഹനങ്ങളുടെ വില്പനയെയും തളര്‍ത്തി. ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങളുടെ വില്പനയില് 11.58 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.മീഡിയം ഹെവി പാസഞ്ചര്‍ വാഹനങ്ങളുടെ വില്പനയില് 13.13 ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത്.
ഇത്തരത്തില്‍ സാധരണക്കാരനുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ട വാഹനമേഖല ആകെ തളര്‍ച്ചയാണ് നവംബര്‍ മാസത്തിലുണ്ടായിരിക്കുന്നത്.മുന്‍ മാസങ്ങളിലെ വില്പനയുമായി തുലനം ചെയ്യുമ്പോള്‍ നേരിയ നേരിയ ക്ഷീണം സംഭവിച്ചിട്ടുണ്ടെങ്കിലും എസ്യുവി, പാസഞ്ചര്‍ കാറുകള്‍ എന്നിവയുടെ വില്‍പ്പന നേട്ടത്തിലാണ്.
പാസഞ്ചര്‍ കാറുകളുടെ വില്പനയില് .29 ശതമാനത്തിന്റെ കുറഞ്ഞ വളര്‍ച്ചയുണ്ടായപ്പോള്‍ എസ്യുവിയുടെ വില്‍പ്പനയില്‍ 10.07 ശതമാനം വളര്‍ച്ചാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ പത്ത് മാസത്തിലെ ഏറ്റവും കുറഞ്ഞ വില്പനയാണ് ഇത്.ഇരുചക്ര വാഹനങ്ങളുടെ വിപണിയിടിഞ്ഞത് വാഹനവിപണിയുടെ ഇപ്പോഴത്തെ അവസ്ഥയെ വെളിവാക്കുന്നുണ്ടെന്നും ജനുവരി ആദ്യവാരത്തോടെ വിപണി വീണ്ടും സജീവമാകുമെന്നും സിയാം ഡയറക്ടര്‍ വിഷ്ണു മധൂര്‍ പ്രത്യാശ പ്രകടിപ്പിച്ചു.