ഗാന്ധിനഗർ: പോലീസ് സ്റ്റേഷനിൽനിന്നും വിട്ടുനല്കിയ ആഡംബർ കാർ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ നടുറോഡിൽ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ കള്ളൻ കപ്പലിൽ തന്നെ.
ഒന്നര വർഷത്തോളമായി ഗാന്ധിനഗർ സ്റ്റേഷനിൽ കിടന്നിരുന്ന കാർ ഉടമയെത്തി പിക്ക് അപ്പ് വാൻ ഉപയോഗിച്ചു കെട്ടിവലിച്ചു കൊണ്ടുപോകുന്ന വിവരം കൃത്യമായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് ആരോ ചോർത്തി കൊടുക്കുകയായിരുന്നു.
കാർ കെട്ടിവലിച്ചു കൊണ്ടു കുറച്ചു ദൂരം പിന്നിട്ടപ്പോൾ തന്നെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ ചേർന്നു പിക്ക് അപ്പ് വാൻ തടഞ്ഞു ആഡംബര കാർ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇതോടെ സ്റ്റേഷനിൽ കാറും കെട്ടിവലിച്ചു കൊണ്ടു വാഹനം പുറപ്പെട്ടപ്പോൾ തന്നെ ആരോ കൃത്യമായ വിവരം സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ അറിയിച്ചുവെന്നാണ് ആരോപണമുയരുന്നത്.
സംഭവത്തിൽ മൂന്നു പേരെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരും കുമാരനല്ലൂർ സ്വദേശികളുമായ ഹർമേഷ്, ജോസ്, ഹരീഷ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് ആർപ്പൂക്കര ക്ഷേത്രത്തിനു സമീപം എസ്എംഇയുടെ മുന്പിലാണ് അക്രമം അരങ്ങേറിയത്. കുമാരനല്ലൂർ സ്വദേശിയായ ബെന്നി സ്വകാര്യ ഫിനാൻസിൽ നിന്നും 13 ലക്ഷം രൂപ വായ്പയെടുത്ത് ഓഡി കാർ വാങ്ങിയെങ്കിലും തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസ് കന്പനി അധികൃതർ പോലീസിൽ പരാതി നല്കി.
ഇതോടെ ഗാന്ധിനഗർ പോലീസ് കാർ കസ്റ്റഡിയിലെടുത്ത് ഒന്നര വർഷമായി പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരിക്കുകയാണ്. കാർ വിട്ടുകിട്ടുന്നതിനായി ബെന്നി ഹൈക്കോടതിയിൽ കേസ് നല്കി.
നാലു ലക്ഷം രൂപ കോടതിയിൽ കെട്ടിവച്ച് കാർ ഉടമയ്ക്കു നൽകാൻ കോടതി ഉത്തരവായി. തുക കോടതിയിൽ കെട്ടിവച്ചു ഈ രേഖകൾ ഗാന്ധിനഗർ പോലീസിൽ എത്തിച്ച ബെന്നിക്ക് കാർ സ്റ്റേഷനിൽ നിന്നും വിട്ടു നല്കി.
പിക്കപ്പ് വാനുമായി വന്ന ഉടമ കാർ കെട്ടിവലിച്ച് കൊണ്ടുപോകുന്പോൾ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ സഞ്ചരിച്ച വാഹനം പിക്കപ്പ് വാനിൽ ഇടിപ്പിച്ചു നിർത്തി. തുടർന്നു ആക്രമണം അഴിച്ചുവിട്ടു കാർ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.
നാട്ടുകാർ ഓടിക്കൂടിയതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും നിലച്ചു. വിവരമറിഞ്ഞു ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് ജീവനക്കാർ അക്രമം അവസാനിപ്പിച്ചത്.
കന്പനിക്കു കാർ ഉടമ നല്കാനുള്ള പണം ഈടാക്കാനാണ് കാർ തടഞ്ഞ് അക്രമം കാട്ടിയതെന്നു പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കാർ ഉടമ ബെന്നി ജില്ലാ പോലീസ് ചീഫിന് പരാതിയും നല്കിയിട്ടുണ്ട്.