വൈക്കം: പണയമായി നൽകിയ കാർ ഉപയോഗക്ഷമമല്ലാത്തതിനാൽ പണം തിരിച്ചു കിട്ടാൻ ഇടനിലക്കാരനായി നിന്ന മട്ടാഞ്ചേരിക്കാരനെ മർദ്ദിക്കുകയും ഇയാൾ എത്തിയ ബിഎംഡബ്ല്യു കാർ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ പിടികിട്ടാനുള്ള രണ്ട് പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി.
ഒളിവിൽ പോയ കാസർഗോഡ് ജില്ലക്കാരായ പ്രതികൾക്കായി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് തെരച്ചിൽ നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസ് വൈക്കം വല്ലകം, ഉദയനാപുരം, ഇരുന്പൂഴിക്കര, തലയോലപറന്പ് സ്വദേശികളായ നാലുപേരെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പണയമായി നൽകിയ എക്സ് യുവി 500, ബിഎംഡബ്ല്യു എന്നീ കാറുകളും പോലീസ് പിടിച്ചെടുത്തിരുന്നു. മട്ടാഞ്ചേരി സ്വദേശിയായ ഇടനിലക്കാരൻ വല്ലകം സ്വദേശിയിൽ നിന്നു 3,65,000 രൂപ വാങ്ങി കാസർഗോഡ് സ്വദേശികൾക്ക് നൽകി.
അവരിൽനിന്ന് എക്സ് യുവി 500 കാർ പണയമായി വാങ്ങി വല്ലകം സ്വദേശിക്ക് നൽകി. എന്നാൽ കാർ ഉപയോഗ്യശൂന്യമാണെന്നും പണം തിരിച്ചു നല്കി കാർ തിരിച്ചു കൊണ്ടുപോകണമെന്നും വല്ലകം സ്വദേശി ഇടനിലക്കാരനെ അറിയിച്ചെങ്കിലും ഇയാൾ പണം നൽകി കാർ തിരിച്ചെടുത്തില്ല.
ഇടനിലക്കാരൻ കാറിന്റെ ഉടമയായ കാസർഗോഡ് സ്വദേശിക്ക് പണം നൽകുകയും 7500 രൂപ കമ്മീഷനായി കൈപ്പറ്റുകയും ചെയ്തിരുന്നു. ഇനി മറ്റൊരാൾക്ക് ഈ കാർ പണയത്തിനു നൽകിയാൽ മാത്രമേ വല്ലകം സ്വദേശിക്കു പണം തിരികെ നൽകി കാർ തിരിച്ചെടുക്കാനാകൂവെന്നാണ് ഇടനിലക്കാരൻ പറയുന്നത്.
കാറിന്റെ ടയറുകൾക്കു തകരാറുണ്ടായിട്ടുണ്ടെന്നും ഇത് പരിഹരിച്ചാൽ കാർ സുഗമമായി ഉപയോഗിക്കാനാകുമെന്നും ഇയാൾ പറയുന്നു. പണം തിരിച്ചു കിട്ടാൻ പലതവണ വിളിച്ചു സംസാരിച്ചിട്ടും ഫലമില്ലാതായതോടെ മട്ടാഞ്ചേരിക്കാരനെ വല്ലകം സ്വദേശി വിളിച്ചു വരുത്തിയത്.
കെണിയൊരുക്കിയതറിയാതെ ഡ്രൈവർ കൂടിയായ ഇടനിലക്കാരൻ വർക് ഷോപ്പിൽ അറ്റകുറ്റ പണിക്കായി കൊണ്ടുവന്ന ബി എം ഡബ്ല്യു കാറിൽ വൈക്കത്തെത്തി. ബിഎംഡബ്ല്യു കാർ തടഞ്ഞുവച്ചാൽ തന്റെ പണം കിട്ടുമെന്ന പ്രതീക്ഷയിൽ വല്ലകം സ്വദേശിയും സുഹൃത്തുക്കളും ചേർന്നു കാർ തടഞ്ഞുവച്ചു. തുടർന്നാണ് സംഘർഷമുണ്ടായതും ഇടനിലക്കാരനു മർദ്ദനമേറ്റതും.