ഇന്ത്യൻ കാർ വിപണി വൻ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. നേരത്തെ ഏറ്റവും കൂടുതൽ വിറ്റഴിച്ചിരുന്ന ചെറുകാറുകൾ വിൽപ്പനയിൽ പിന്നോട്ടടിക്കുമ്പോൾ പത്തു ലക്ഷത്തിനു മേലെ വില വരുന്ന യൂട്ടിലിട്ടി കാറുകൾക്കും കൂടിയ വിലയുള്ള പ്രീമിയം കാറുകൾക്കും വിപണിയിൽ വൻ കുതിപ്പാണുള്ളത്.
ആദ്യ കാലത്ത് ഏറ്റവുമധികം വിൽപ്പനയുണ്ടായിരുന്ന മാരുതി 800 എന്ന മോഡൽ പിൻവലിച്ചപ്പോൾ ഏറ്റവുമധികം വിൽപ്പനയുള്ള മാരുതിയുടെ മോഡലായി ആൾട്ടോ മാറുകയായിരുന്നു. എന്നാൽ ആൾട്ടോ, എസ്പ്രസോ എന്നിങ്ങനെയുള്ള ചെറുകാറുകുടെ വിൽപ്പനയിൽ വൻ ഇടിവാണ് ഈ ജനുവരിയിലുണ്ടായത്. 2023 മുതൽ ഇന്ത്യൻ കാർ വിപണിയിൽ പ്രകടമായ മാറ്റം കണ്ടു തുടങ്ങി. ചെറുകാറുകളേക്കാൾ ഡിമാന്ഡ് വില കൂടിയ യൂട്ടിലിറ്റി, പ്രീമിയം വാഹനങ്ങൾ കൂടുതലായി വിറ്റഴിയുന്നതാണ് പുതിയ ട്രെൻഡ്.
24 ലക്ഷത്തിനു മേലെ വിലയുള്ള ടൊയോട്ട ഇന്നോവ ഹൈക്രോസ് മോഡൽ ബുക്കു ചെയ്താൽ മിനിമം പത്തു മാസത്തെയെങ്കിലും കാത്തിരിപ്പു വേണ്ടി വരുമെന്ന് അറിയുന്പോഴാണു വാഹനവിണിയിലുണ്ടായ മാറ്റം തിരിച്ചറിയാൻ കഴിയുക. ചില കന്പനികളുടെ വില കൂടിയ ചില മോഡലുകളെങ്കിലും ലഭിക്കാൻ ബുക്ക് ചെയ്ത് മാസങ്ങളുടെ കാത്തിരിപ്പു വേണ്ടിവരും.
ഡിസംബറിൽ കൂപ്പുകുത്തി ജനുവരിയിൽ ഉയർത്തെഴുന്നേറ്റു
2023 ഡിസംബറിൽ വിറ്റതിനേക്കൾ 59.2 ശതമാനം അധികവിൽപ്പന നേടി വിപണിയിൽ തങ്ങൾക്ക് എതിരാളികളേ ഇല്ല എന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് മാരുതി. ഡിസംബറിൽ രാജ്യത്ത് 1,04,778 കാറുകളാണ് മാരുതി വിറ്റഴിച്ചത്. എന്നാൽ ജനുവരിയിൽ അത് 1,66,802 ആയി കുതിച്ചുയർന്നു. 2023 ജനുവരിയിൽ വിറ്റഴിച്ചത് 1,47,348 കാറുകൾ ആയിരുന്നു. 13.20 ശതമാനം വർധനയാണ് കഴിഞ്ഞ വർഷം ജനുവരിയിലുള്ളതിനേക്കാൾ കൂടുതലായി മാരുതിക്കു നേട്ടമുണ്ടാക്കാനായത്.
കഴിഞ്ഞ ഡിസംബറിൽ വിൽപ്പനയിൽ വൻ ഇടിവു സംഭവിച്ചപ്പോൾ ചില മോഡലുകളുടെ കാലം കഴിഞ്ഞുവെന്നും ഇനി മാരുതിക്ക് വലിയ കുതിപ്പ് ഉണ്ടാക്കാനാവില്ലെന്നും ചില നിരീക്ഷകർ വിലയിരുത്തിയിരുന്നു. എന്നാൽ വിമർശകരുടെ വായടപ്പിക്കുന്ന നേട്ടമാണ് ജനുവരിയിൽ മാരുതിക്കുണ്ടായത്. ആഭ്യന്തര വിപണയിലെ വിൽപ്പനയ്ക്ക് പുറമേ 23,921 കാറുകൾ ജനുവരിയിൽ കയറ്റുമതി ചെയ്യുകയും ചെയ്തു. കയറ്റുമതിയും എൽസിവിയും മറ്റു വാഹനങ്ങളുടെ വിൽപ്പനയും ഉൾപ്പെടെ ജനുവരിയിൽ മാരുതിയുടെ ആകെ വിൽപ്പന 1,99,364 ആയി ഉയർന്നു.
കഴിഞ്ഞ ഡിസംബറിൽ സംഭവിച്ചുതുപോലെതന്നെ അവരുടെ ജനപ്രിയ മോഡലുകളായ ആൾട്ടോയുടെയും എസ്പ്രസോയുടെയും വിൽപ്പനയിൽ വൻ ഇടിവാണ് സംഭവിച്ചത്. 2023 ജനുവരിയിൽ ഈ രണ്ടു മോഡലുകളും കൂടി 25,446 എണ്ണം വിറ്റഴിച്ചെങ്കിൽ 2024 ജനുവരിയിൽ അതു കുത്തനെ ഇടിഞ്ഞ് 15,849 ആയി.
ബൊലറോ, സെലേറിയോ, ഡിസയർ, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂർ എസ്, വാഗൺ ആർ എന്നിവയടങ്ങുന്ന കോംപാക്ട് സെഗ്മെന്റ് കാറുകളുടെ വിൽപ്പനയിൽ വർധന ഉണ്ടായിട്ടുണ്ട്. മുൻവർഷം ജനുവരിയിൽ 73,840 ആണ് വിറ്റതെങ്കിൽ ഇത്തവണ അത് 76,533 ആയി വർധിച്ചു. കഴിഞ്ഞ ജനുവരിയിൽ 1000 സിയാസ് വിറ്റഴിച്ചെങ്കിൽ ഇത്തവണ അത് വെറും 363 ആയി ചുരുങ്ങി.
എന്നാൽ മാരുതിയുടെ വിൽപ്പനയിൽ വൻ കുതിപ്പുണ്ടാക്കിയത് യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിൽപ്പെടുന്ന ബ്രെസ, ജിംമ്നി, ഏർട്ടിഗ, ഫ്രോങ്ക്സ്, ഗ്രാന്റ് വിറ്റാറ, ഇൻവിക്ടോ, എസ് എൽ 6, എസ്-ക്രോസ് എന്നിവയാണ്. ഇവയുടെ വിൽപ്പന ഇരട്ടിയോളമായി വർധിച്ചു. മുൻവർഷം ജനുവരിയിൽ ഇവയെല്ലാം കൂടി 35,353 എണ്ണമാണ് വിറ്റഴിച്ചതെങ്കിൽ ഈ വർഷം ജനുവരിയിൽ ഇവയുടെ വിൽപ്പന 62,038 ആയി ഉയർന്നു.
അതുപോലെ, രണ്ടാമത്തെ വലിയ നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 57,115 യൂണിറ്റുകൾ വിറ്റ് 2023 ജനുവരിയിലെ 50,106 യൂണിറ്റുകളിൽ നിന്ന് 14 ശതമാനം വളർച്ച നേടി. ടാറ്റ മോട്ടോഴ്സും ആഭ്യന്തര മൊത്തവ്യാപാരത്തിൽ 12 ശതമാനം വളർച്ച നേടി 53,633 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസം അവർ വിറ്റത് 47,987 യൂണിറ്റുകളായിരുന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് കൂടുതൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ മഹീന്ദ്രയ്ക്കുമായി. 43,068 യൂണിറ്റുകളാണ് അവർ ജനുവരിയിൽ വിറ്റഴിച്ചത്. മുൻവർഷം ഇത് 33,040 യൂണിറ്റുകൾ ആയിരുന്നു. 30 ശതമാനം വർധന. ടൊയോട്ടയ്ക്ക് 81 ശതമാനം വിൽപ്പന നേട്ടമുണ്ടാക്കാനായി. മുൻവർഷം ജനുവരിയിൽ 12,838 ആയിരുന്നത് 2024 ജനുവരിയിൽ 23,197 ആയി ഉയർന്നു.
ഹോണ്ടയ്ക്കും 11 ശതമാനം നേട്ടമുണ്ടായി. 7821ൽനിന്ന് 8681 ആയി ഉയർന്നു. കയറ്റുമതിയിലും ഹോണ്ടയ്ക്ക് വൻ നേട്ടമുണ്ടായി. 4531 യൂണിറ്റുകൾ അവർ കയറ്റിഅയച്ചു. ഇത് അവരുടെ കയറ്റുമതിയിൽ സർവകാല റിക്കാർഡാണ്. റിനോൾട്ട്, ഫോക്സ്വാഗൻ തുടങ്ങിയ കമ്പനികളും നേട്ടമുണ്ടാക്കിയപ്പോൾ കിയയ്ക്കും എംജി മോട്ടേഴ്സിനും സ്കോഡയ്ക്കും വിൽപ്പനയിൽ ഇടിവു സംഭവിച്ചു. ആദ്യ കാലങ്ങളിൽ വൻനേട്ടം കരസ്ഥമാക്കിയ കിയ മുൻവർഷം ജനുവരിയിൽ വിറ്റ 28,634 യൂണിറ്റുകളിൽനിന്ന് 23,769 യൂണിറ്റുകളായി കുറഞ്ഞു. 17 ശതമാനമാണ് വിൽപ്പനയിൽ കിയയുടെ ഇടിവ്.
ജിഎം മോട്ടേഴ്സിന് ഏഴു ശതമാനവും സ്കോഡയ്ക്ക് 37,7 ശതമാവും വിൽപ്പനയിൽ ഇടിവുണ്ടായി. മുൻ കാലങ്ങളിൽ ഏറ്റവും വില കുറഞ്ഞ കാറുകൾക്കായിരുന്നു റിക്കാർഡ് വിൽപ്പനയെങ്കിൽ ഇപ്പോൾ വിപണിയിൽ ഇടത്തരം വിലയുള്ളവയ്ക്കും മുന്തിയ കാറുകൾക്കും പ്രിയം കൂടി വരികയാണ്.
എസ്. റൊമേഷ്