തൃശൂർ: കോർപറേഷനിൽ വാഹനങ്ങൾ തുരുന്പെടുത്ത് നശിക്കുന്നു. കോർപറേഷൻ കൗണ്‍സിൽ ഹാളിന് സമീപമാണ് മുൻ മേയർമാർ ഉപയോഗിച്ചിരുന്ന അംബാസഡർ കാറും ജീപ്പും കണ്ടംതള്ളിയിരിക്കുന്നത്. ഇത് നന്നാക്കി റീ രജിസ്ട്രേഷൻ നടത്തിയാൽ വീണ്ടും ഉപയോഗിക്കാമെന്നിരിക്കേയാണ് ലക്ഷങ്ങൾ മുടക്കി ആഡംബര കാറുകൾ വാങ്ങാൻ കോർപറേഷൻ ഭരണ സമിതി തയ്യാറെടുക്കുന്നത്.
ഉപയോഗം കഴിഞ്ഞ വാഹനങ്ങൾ ലേലം ചെയ്ത് കൊടുക്കാതെ കോർപറേഷൻ കോന്പൗണ്ടിൽ തന്നെ തുരുന്പെടുക്കാൻ നിർത്തിയിട്ടിരിക്കയാണിപ്പോൾ. ലേലം ചെയ്ത് നൽകിയാൽ കോർപറേഷന് പണം കിട്ടുമെന്നിരിക്കേയാണ് ഇത്തരത്തിൽ വാഹനങ്ങൾ നശിച്ചു പോകാൻ ഭരണ സമിതി വഴിയൊരുക്കിയിരിക്കുന്നത്.
ഇതിനിടെ അസിസ്റ്റന്റ് സെക്രട്ടറിക്ക് ആഡംബര കാർ വാങ്ങാനുള്ള നീക്കവും വിവാദമായിരിക്കയാണിപ്പോൾ. സെക്രട്ടറിക്കു പോലും ഇല്ലാത്ത ഇന്നോവ കാർ വാങ്ങാനുള്ള നീക്കമാണ് വിവാദത്തിലായത്. നിലവിലുള്ള പഴയ വാഹനങ്ങൾ കണ്ട ം തള്ളി ലക്ഷങ്ങൾ ചെലവാക്കി ആഡംബര വാഹനങ്ങൾ വാങ്ങാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പഴയ വാഹനങ്ങൾ നന്നാക്കാതെ തുരുന്പെടുത്ത് നശിക്കാൻ അവസരമൊരുക്കുന്നത്.
കോർപറേഷൻ ഉദ്യോഗസ്ഥരുടെയും ഭരണ സമിതിയുടെയും അറിവോടെയാണ് ഇത്തരത്തിൽ വാഹനങ്ങൾ കോർപറേഷൻ കോന്പൗണ്ടിച തന്നെ ഉപേക്ഷിച്ചിരിക്കുന്നത്. പഴയ വാഹനങ്ങൾ എങ്ങനെയെങ്കിലും ഒഴിവാക്കാനുള്ള നീക്കങ്ങളാണ് കോർപറേഷനിൽ നടക്കുന്നത്. കോർപറേഷനിൽ നിലവിൽ 69 വാഹനങ്ങളാണുള്ളത്.