കോഴിക്കോട്: ആഡംബര കാറുകളുടെ എംബ്ലം മോഷ്ടിക്കുന്ന കുട്ടിക്കള്ളന്മാര് പോലീസ് വലയില്‍.ആന്തസ് ഫാര്‍മസ്യൂട്ടിക്കല്‍ എംഡി കാക്കനാട്ട് വീട്ടിൽ ബാജി ജോസഫിന്റെ ചേവരന്പലത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബെന്‍സ് കാറിന്റെ എംബ്ളം മോഷ്ടിച്ചതടക്കം വിവിധ മോഷണങ്ങൾ നത്തിയ അഞ്ചംഗ സംഘമാണ് പിടിയിലായത്.
വിദ്യാർഥികളായ ഇവരിൽ രണ്ടുപേർ 18 വയസ് കഴിഞ്ഞവരും ബാക്കിയുള്ളവർ കുട്ടികളുമാണ്. ഇവര്‍ പിടിയിലായതോടെ നഗരത്തില്‍ നടന്ന സമാനസംഭവങ്ങള്‍ക്ക് തുമ്പാകുമെന്നവിശ്വാസത്തിലാണ് പോലീസ്. സമാനപരാതികള്ക്ക് പിന്നിലും ഇവരാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ 22ന് രാത്രി എട്ടരയ്ക്കും ഒൻപതിനും ഇടയിലാണ് ബാജി ജോസഫിന്റെ വീട്ടിൽ മോഷണം നടന്നത്. കെഎല്‍ 09 എജെ 7000 നമ്പര്‍ കാറിന്റെ എംബ്ലമാണ് മോഷ്ടിച്ചത്. വെള്ള സ്കൂട്ടറില്‍ ചുവന്ന ഹെല്‍മറ്റ് ധരിച്ചയാളും മുഖംമറച്ചയാളും വീട്ടില്‍ എത്തിയതായി സമീപവാസികള്‍ പോലീസിന് മൊഴിനല്‍കിയിരുന്നു. കാറിനു മുകളില്‍ പച്ച നിറത്തിലുള്ള ഓയില്‍ ഒഴിച്ച ശേഷമായിരുന്നു മോഷണം.
ഉയര്‍ന്ന വിലയ്ക്ക് വില്‍പ്പന നടത്താമെന്ന പ്രചാരണത്തില്‍പ്പെട്ട് ബെന്‍സ്, ബിഎംഡബ്ള്യു, ജാഗ്വാര്‍ തുടങ്ങിയ ആഡംബര കാറുകളുടെ ചിഹ്നങ്ങളാണ് വ്യാപകമായി മോഷ്ടിക്കപ്പെടുന്നത്. വിവിധ സ്കൂള്‍ വിദ്യാര്‍ഥികളാണ് ഇതിനു പിന്നിലെന്ന് പോലീസ് പറയുന്നു. മുന്‍പും സമാനമായ കേസില്‍ ഇരുപതോളം വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ചേവായൂര്‍ മെഡിക്കല്‍ കോളജ് സ്റ്റേഷനുകളില്നിന്നായിരുന്നു ഇത്. പുതിയപാലത്ത് മൂന്ന് ബെന്‍സ് കാറുകളില്‍നിന്ന് എംബ്ലം കളവുപോയതോടെയാണ് പോലീസില്‍ പരാതിയത്തെിയത്. അന്വേഷണത്തില്‍ ബീച്ച്, ഷോപ്പിംഗ് മാള്‍, തിയറ്റര്‍, പാര്‍ക്കിംഗ് മൈതാനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാറുകളില്‍നിന്ന് വ്യാപക മോഷണം നടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
സ്വര്‍ണത്തേക്കാള്‍ വിലയുള്ള ലോഹംകൊണ്ടാണ് ഇവ നിര്‍മിച്ചതെന്നും നല്ല വില ലഭിക്കുമെന്നുമുള്ള പ്രചാരണത്തില്പ്പെട്ടാണ് കുട്ടികള്‍ മോഷണത്തിനിറങ്ങിയത്. നിരവധി ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ സംശയിക്കുന്നുണ്ട്.
നഗരത്തില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെതുടര്ന്ന പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കള്ളന്മാര് പിടിയിലായത്.