വിഴിഞ്ഞം: ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് തീയും പുകയും ഉയർന്നു. ഉടൻ കാർ നിറുത്തി പുറത്തിറങ്ങിയതിനാൽ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. ഇന്നലെ രാവിലെ പത്തോടെ കോവളം ആഴാകുളത്തിന് സമീപത്തെ ഒരു കല്യാണമണ്ഡപത്തിന് മുന്നിലായിരുന്നു അപകടം.തിരുവല്ലം വാഴമുട്ടം ചാരുവിള വീട്ടിൽ പ്രകാശിന്റെ ടാറ്റ ഇൻഡിക്ക കാറാണ് കത്തിയമർന്നത്.
പ്രകാശിന്റെ പിതാവ് മൃത്യുഞ്ജയൻ ഓടിച്ച കാറിൽ നിന്നാണ് തീയും പുകയും ഉയർന്നത്. കുടുംബാംഗങ്ങളായ മറ്റു മൂന്നു പേർ കൂടി കാറിൽ ഉണ്ടായിരുന്നു. ആഴാകുളത്ത് കല്യാണം കൂടാൻ വന്നതായിരുന്ന മൃത്യുഞ്ജയനും കുടുംബാംഗങ്ങളും. യാത്രയ്ക്കിടയിൽ വാഹനത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്തില്ല.
മണ്ഡപത്തിന് സമീപത്ത് എത്തിയ കാർ പാർക്കിംഗ് ഏരിയയിലേക്ക് ഒതുക്കി നിർത്തി.ഇതിനിടയിൽ തീ ആളിപ്പടർന്നു. യാത്രക്കാർ ഡോർ തുറന്ന് പുറത്തിറങ്ങിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. വിവരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തുളസിധരന്റെയും ലീഡിംഗ് ഫയർമാൻ രാജശേഖരൻ നായരുടെയും നേതൃത്വത്തിൽ അഗ്നിശമന സേന ഉദ്യോഗസ്ഥർ എത്തി തീയണച്ചു.
സീറ്റ് ഉൾപ്പെടെ കാർ എകദേശം പൂർണമായും കത്തിയെങ്കിലും ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാൻ ഫയർഫോഴ്സ് ശ്രമിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വിവാഹത്തിനെത്തിയവരുടെ കാറുകളും നിരവധി ആൾക്കാരും ഇവിടെ ഉണ്ടായിരുന്നു. എസിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.