‘നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ദേശീയപാതയിലും മഞ്ചവിളാകത്തും കാറുകൾ കത്തിനശിച്ചു. പുതിയതുറ സ്വദേശിയായ ജോയിയും സുഹൃത്തും സഞ്ചരിച്ച കാർ ഇന്നലെ വൈകുന്നേരം മൂന്നരയോടെ സ്വദേശാഭിമാനി ടൗണ്‍ ഹാളിനു മുന്നിലെത്തിയപ്പോൾ കത്തിനശിക്കുകയായിരുന്നു.
കാറിന്റെ മുന്‍വശത്ത് നിന്ന് പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇരുവരും വാഹനത്തില്‍ നിന്നും പുറത്തിറങ്ങി. നെയ്യാറ്റിന്‍കര ഫയർ യൂണിറ്റില്‍ നിന്നും എഎസ്ടി ഒ. ജൂറ്റസിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഫോഴ്സ് ടീം തീയണച്ചു.
കാറിലെ എസി തകരാറാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് ഫയര്‍ ആന്‍ഡ് റസ്ക്യൂ ഫോഴ്സിന്റെ പ്രാഥമിക നിഗമനം. കാറിന്റെ മുന്‍ഭാഗം മുഴുവനും കത്തിനശിച്ചു.
മഞ്ചവിളാകത്തിനു സമീപം വൈകുന്നേരം നാലേ മുക്കാലോടെയായിരുന്നു രണ്ടാമത്തെ തീപിടുത്തം. മലയിക്കട സ്വദേശിനിയായ സുശീലാമ്മയുടെ കാറിന്റെ എൻജിനിലാണ് തീ പിടിച്ചത്.
കാറിന്റെ പകുതിയോളം ഭാഗം കത്തിനശിച്ചു. നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ്ക്യൂ ഫോഴ്സ് ടീം സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു.