ബ്യൂട്ടി പാർലറിൽ അപ്പോയിന്റ്മെന്റ് ലഭിക്കാത്തതിൽ പ്രകോപിതയായ യുവതി ബ്യൂട്ടീഷ്യന്റെ കാർ കത്തിച്ചു. തീവച്ചു നശിപ്പിച്ചത് സാധാരണ കാറല്ല, ഏകദേശം 41 ലക്ഷം രൂപ വില കണക്കാക്കുന്ന ബിഎംഡബ്ല്യു കാർ. ചിക്കാഗോയിലാണ് അമ്പരിപ്പിക്കുന്ന സംഭവം നടന്നത്.
മാർസെല്ല ഓർ എന്ന ബ്യൂട്ടീഷന്റേതാണു കത്തിനശിച്ച ആഡംബരക്കാർ. കാർ കത്തുന്ന ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ ബ്യൂട്ടീഷൻ പങ്കുവച്ചു. വീഡിയോ ദൃശ്യങ്ങളിൽ ഒരു സ്ത്രീ കാറിനു മുകളിൽ എന്തോ ദ്രാവകം ഒഴിക്കുന്നതും തീ ഇടുന്നതും കാണാം. നിമിഷനേരത്തിനുള്ളിൽ കാർ കത്തിയമർന്നു.
ഒരു ഉപഭോക്താവുമായി കൈമാറിയ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടും മാർസെല്ല ഓർ ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. അതിൽ ഒരു മാസത്തോളം കാത്തിരുന്നിട്ടും തനിക്ക് ഐലാഷിന് അപ്പോയിന്റ്മെന്റ് ലഭിക്കാത്തതിൽ ഉപഭോക്താവ് നിരാശ പ്രകടിപ്പിക്കുന്ന സന്ദേശമുണ്ട്.
എന്നാൽ, താൻ അനുവദിച്ചു നൽകിയ സമയത്ത് യുവതി എത്തിയില്ലെന്നും പിന്നീട് ദിവസങ്ങൾക്കുശേഷം വീണ്ടും സമയം ആവശ്യപ്പെട്ട് വിളിക്കുകയായിരുന്നുവെന്നുമാണു ബ്യൂട്ടീഷൻ പറയുന്നത്. മുൻകൂട്ടിയുള്ള ബുക്കിംഗുകൾ അവശേഷിക്കുന്നതിനാൽ തനിക്കു സമയം അനുവദിച്ചു നൽകാൻ സാധിക്കാതെ വന്നുവെന്നും മാർസെല്ല പറയുന്നു.
നഷ്ടപ്പെട്ട തന്റെ കാറിനായി ഒരു “ഗോ ഫണ്ട് മീ’ കാമ്പയിൻ ആരംഭിച്ചിരിക്കുകയാണു മാർസെല്ല ഓർ. 41 ലക്ഷം രൂപ സമാഹരിക്കുക എന്നതാണു ലക്ഷ്യം. ഇതുവരെ 71 സംഭാവനകളിൽനിന്നായി ഒരു ലക്ഷം രൂപ ലഭിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.