കണ്ണൂര്: ആശുപത്രിയിലേക്കുള്ള വഴിമധ്യേ കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിക്കാനിടയായ സംഭവത്തിൽ തീപിടിത്തത്തിനിടയാക്കിയത് ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. തീ പടർന്നത് കാറിന്റെ ഡാഷ് ബോർഡിൽനിന്നാണെന്നാണ് വിലയിരുത്തൽ.
ഡാഷ് ബോർഡിലോ പരിസരത്തോ സാനിറ്റൈസർ പോലുള്ള എന്തെങ്കിലും വസ്തു സൂക്ഷിച്ചിരിക്കാമെന്നും ഇതാകാം തീ പെട്ടെന്നു പടരാൻ ഇടയാക്കിയതെന്നും സംശയമുണ്ട്. അതേസമയം തീ കാറിന്റെ യന്ത്രഭാഗങ്ങളിലേക്കോ പെട്രോൾ ടാങ്കിലേക്കോ പടർന്നിട്ടില്ല.
കാറിന്റെ ഡാഷ് ബോർഡിനോടു ചേർന്ന് പ്രത്യേക സൗണ്ട് ബോക്സും കാമറയും സ്ഥാപിച്ചിരുന്നു. ഇതിലെ ഷോർട്ട് സർക്യൂട്ടായിരിക്കാം തീപിടിത്തത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു. ഫോറൻസിക് വിഭാഗവും കത്തിയ കാറും പരിസരവും പരിശോധിച്ചു.
ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ദന്പതികളുടെ മൃതദേഹങ്ങൾ കുറ്റ്യാട്ടൂർ കാരാറമ്പിലെ വീട്ടിലെത്തിച്ചശേഷം വൈകുന്നേരത്തോടെ കുറ്റ്യാട്ടൂർ ശാന്തിവനത്തിൽ സംസ്കരിച്ചു.