കുറ്റ്യാടി: ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾ വെന്തുമരിച്ചു. നരിപ്പറ്റ മണിയൂർതാഴയിലെ കൊയ്യാൽ നാണു(62)വാണ് മരിച്ചത്. റിട്ട. പ്രധാന അധ്യാപകനാണ്. ഇന്നു പുലർച്ചെ സംസ്ഥാന പാതയിൽ അന്പലകുളങ്ങരയിലാണ് സംഭവം. കുറ്റ്യാടിയിൽ ഡോക്ടറെ ബുക്ക് ചെയ്യാൻ പോകുന്നതിനിടയിൽ കാർ കത്തിയെന്നാണ് സംശയം. ഇയാൾ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ.
മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തി കരിഞ്ഞിട്ടുണ്ട്. കാർ നന്പർ പരിചയമുള്ളവരാണ് ഇയാളുടേതാണ് കാറെന്ന് മനസിലാക്കിയത്. തുടർന്ന് വീടുമായി ബന്ധപ്പെട്ടപ്പോഴാണ് പുലർച്ചെ കാറുമായി പോയെന്ന് അറിയുന്നത്.
വടകര കോടതി ജീവനക്കാരി സുജാതയാണ് ഭാര്യ. ഒരു മകനുണ്ട്. കുറ്റ്യാടി സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഭവ സ്ഥലത്തെത്തി.
സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്
കുറ്റ്യാടി: കക്കട്ടിന് സമീപം അന്പലകുളങ്ങരയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾ വെന്തുമരിച്ച സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ്. ഓടുന്ന കാർ ഇത്തരത്തിൽ കത്തിയമരാൻ സാധ്യതയില്ലെന്നാണ് പോലീസ് നിഗമനം. അഥവാ കാർ കത്തിയാൽ തന്നെ യാത്രക്കാർക്ക് പുറത്തേക്ക് പെട്ടെന്ന് തന്നെ ഇറങ്ങാൻ സാധിക്കുമെന്നും പോലീസ് പറഞ്ഞു.
പുലർച്ചെ മൂന്നോടെയാണ് സംഭവമുണ്ടായതെന്നതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്. അതിനിടെ മരിച്ച നാണു ഇന്നലെ രാത്രി പ്രദേശവാസികളോട് പെട്രോൾ വേണമെന്ന ആവശ്യം അറിയിച്ചിരുന്നതായി നാട്ടുകാരിൽ ചിലർ പറഞ്ഞു.
നാണു പെട്രോൾ അന്വേഷിച്ചത് ആത്മഹത്യ ചെയ്യാനാണോ എന്ന സംശയവും പോലീസ് തള്ളിക്കളയുന്നില്ല. അതേസമയം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം പോലീസ് പുറത്തെടുത്തിട്ടില്ല. കണ്ണൂരിൽ നിന്ന് സയന്റിഫിക് വിദഗ്ധർ എത്തിയ ശേഷം മാത്രമേ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുകയുള്ളൂ.