കോട്ടയം: ഓട്ടത്തിനിടയിൽ തീപിടിച്ചു കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നു രാവിലെ 11.30നു സിഎംഎസ് കോളജ് റോഡിൽ ദീപിക ഓഫീസിനു മുന്നിലാണു സംഭവം. ചെറുവാണ്ടൂർ മുണ്ടയ്ക്കൽ ശശികുമാറിന്റെ ഉടമസ്ഥതയിലുള്ള 2008 മോഡൽ ടാറ്റാ ഇൻഡിക്ക കാറാണു കത്തിനശിച്ചത്.
രണ്ടു വർഷം മുന്‍പാണു ഇദേഹം സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയത്. കാറിനു തീപിടിച്ചതിനെതുടർന്നു അരമണിക്കൂർ കോട്ടയം-കുമരകം റോഡിൽ ഗതാഗതം തടസപ്പെട്ടു. ചുങ്കം ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്കു പോകുന്നതിനിടെയാണു കാറിനു തീപിടിച്ചത്. ഓട്ടത്തിനിടയിൽ കാറിന്റെ മുന്നിലത്തെ ബോണറ്റിനുള്ളിൽനിന്നും തീയും പുകയും ഉയരുന്നതു കണ്ടതോടെ ഡ്രൈവർ കാർ റോഡ് സൈഡിലേക്കു ഒതുക്കി നിർത്തിയശേഷം ഇറങ്ങിയോടിയതിനാലാണു അപകടമുണ്ടാകാതിരുന്നത്.
നാട്ടുകാർ വിളിച്ചറിയിച്ചതിനുസരിച്ചു കോട്ടയം ഫയർഫോഴ്സിൽനിന്നും രണ്ടു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണു തീ പൂർണമായും കെടുത്തിയത്. പെട്രോൾ ടാങ്കിനു തീപിടിക്കാതിരുന്നതിനാലാണു കാർപൊട്ടിതെറിക്കാതിരുന്നത്. കാറിന്റെ എൻജിനും ഭാഗികമായും സീറ്റുകൾ ഉൾപ്പെടുന്ന ഉൾഭാഗം പൂർണമായും കത്തിനശിച്ചു. നിരവധി പേർ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. കാറിൽ തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ബാറ്ററിക്കുണ്ടായ ഷോട്ട് സർക്യൂട്ടാണു തീപിടിക്കാനുള്ള കാരണമെന്നു സംശയിക്കുന്നതായി ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.