കോഴിക്കോട്:വാഹനയാത്രക്കാരെ പേടിപ്പെടുത്തി കാറുകള്‍ കത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. ശാസ്ത്രീയ പരിശോധനകള്‍ വരെ നടന്നിട്ടും ഇതിനുള്ള കാരണം ഉറപ്പിച്ച് പറയാന്‍ കഴിയാത്തത് അധികൃതരെ കുഴക്കുകയും ചെയ്യുന്നു.
കണ്ണൂരില്‍ ദമ്പതികള്‍ കാറിന് തീപിടിച്ച് ദാരുണമായി മരണപ്പെട്ടതിന്റെ ഞെട്ടല്‍മാറും മുന്‍പ് ഭാഗ്യം കൊണ്ട് മാത്രം യാത്രക്കാര്‍ രക്ഷപ്പെടുന്ന സംഭവങ്ങളും വര്‍ധിക്കുകയാണ്.
വയനാട് ജില്ലയില്‍ ഒരാഴ്ചക്കിടെ അഗ്നിക്കിരയായത് മൂന്ന് കാറുകളാണ്. കോഴിക്കോടും കാര്‍ കത്തിയ സംഭവം ഉണ്ടായി. പകല്‍ നേരങ്ങളിലെ കനത്ത ചൂട് തീപിടിത്തത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും അഗ്നിബാധയുടെ മൂലകാരണം കണ്ടെത്താന്‍ വാഹനങ്ങളില്‍ കൃത്യമായ പരിശോധന നടക്കുന്നുണ്ടോ എന്നത് സംശയമാണെന്ന് ചൂണ്ടികാണിക്കുന്നു.
അഗ്നിബാധയില്‍പെടുന്ന വാഹനത്തില്‍ നിന്ന് പലപ്പോഴും തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെടാറുള്ളത്. തലപ്പുഴ ടൗണിനടുത്ത നാല്പ്പത്തിനാലില് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചതാണ് വയനാട്ടിലെ അവസാനത്തെ സംഭവം.
പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട് വാഹനം നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയെങ്കിലും നമിഷങ്ങള്‍ക്കുള്ളിലാണ് വാഹനത്തെ അഗ്നി വിഴുങ്ങിയത്.
ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു.
നാട്ടുകാരും വാഹനത്തിനിലുണ്ടായിരുന്നവരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു. റോഡ് നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സമീപത്തുണ്ടായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നും വെള്ളം ഉപയോഗിച്ച് നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് മാനന്തവാടിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.