തിരൂർ : പറവണ്ണയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കാർ തീയിട്ടു നശിപ്പിച്ച സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ടു തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇന്നു യോഗം ചേരുന്നുണ്ട്. ഇതേത്തുടർന്നു ടീം രൂപീകരിച്ചു അന്വേഷണം ശക്തമാക്കും.
പറവണ്ണ റഹ്മത്താബാദിൽ ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. സിപിഎം പറവണ്ണ നോർത്ത് ബ്രാഞ്ച് സെക്രട്ടറി തിത്തീരിയത്തിന്റെ പുരക്കൽ ഷാജഹാന്റെ കെ.എൽ 55 സി 2023 നന്പർ മാരുതി വാഗണ്‍-ആർ കാറാണ് ആക്രമികൾ അഗ്നിക്കിരയാക്കിയത്. ശബ്ദം കേട്ട് ഷാജഹാനും കുടുംബവും പുറത്തിറങ്ങി വന്നപ്പോഴേക്കും കാർ മുഴുവനായും കത്തിയമർന്നിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളിലായി മുസ്ലിം ലീഗ്-സിപിഎം പ്രവർത്തകരുടെ നിരവധി വാഹനങ്ങളാണ് തീരദേശത്ത് അഗ്നിക്കിരയായത്. തീരദേശത്ത് പോലീസിന്റെയും ഇരു പാർട്ടികളുടെയും നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് തീക്കളി തുടരുന്നത്.
ആക്രമണത്തിനെതിരെ സമാധാന സന്ദേശവുമായി പറവണ്ണ കൂട്ടായ്മ പെരുന്നാൾ ദിനത്തിൽ ഇശൽനിലാവ് സംഘടിപ്പിച്ചിരുന്നു. അതേസമയം അടുത്ത ദിവസം തന്നെ പ്രത്യേക അന്വേഷണ സംഘം ഇതേക്കുറിച്ചു അന്വേഷണം തുടങ്ങും. പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭ്യമായിട്ടുണ്ടെന്നും വേഗത്തിൽ പ്രതികളെ പിടികൂടാനാകുമെന്നും എസ്ഐ പറഞ്ഞു.