മൂലമറ്റം: യാത്രയ്ക്കിടെ വിനോദ സഞ്ചാരികളുടെ കാർ കത്തിനശിച്ചു. ഇന്നലെ രാവിലെ ഒൻപതോടെ കാഞ്ഞാർ – വാഗമണ്‍ റൂട്ടിലായിരുന്നു സംഭവം. പെരുന്പാവൂർ സ്വദേശികളായ അഞ്ചു പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
ഇവർ വാഗമണ്‍ സന്ദർശിക്കാനായി പോകുന്നതിനിടെ കുന്പങ്ങാനത്തിനടുത്ത് വച്ചാണ് വാഹനത്തിന് തീ പിടിച്ചത്.ഷോർട്ട് സർക്യൂട്ടാണ് വാഹനത്തിന് തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിൽ നിന്ന് പുകവരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതു കൊണ്ട് ആളപായം ഉണ്ടായില്ല.
മൂലമറ്റത്തു നിന്നും ഫയർഫോഴ്സും കാഞ്ഞാർ പോലീസും സ്ഥലത്ത് എത്തിയപ്പോഴേക്കും കാർ നിശേഷം കത്തിനശിച്ചിരുന്നു. പിന്നീട് ഫയർഫോഴ്സ് പൂർണമായി തീയണച്ച ശേഷം ഗതാഗത തടസം ഉണ്ടാകാതിരിക്കാൻ കാർ റോഡിൽ നിന്നും നീക്കി.
വിനോദ സഞ്ചാരികളുടെ വാഹന തിരക്ക് മൂലം പല സ്ഥലത്തും ഫയർഫോഴ്സിന്റെ വാഹനത്തിന് തടസമുണ്ടായി .മൂലമറ്റം- വാഗമണ്‍ റോഡിൽ കയറ്റവും വളവുകളും കുണ്ടും കുഴിയുമായതിനാൽ ഫയർഫോഴ്സ് വാഹനം അതുവഴി കടന്നുപോകില്ല.
കാഞ്ഞാർ -പുള്ളിക്കാനം റോഡിലൂടെ അപകട സ്ഥലത്ത് ഓടിയെത്തുന്പോഴേക്കും പലപ്പോഴും താമസം നേരിടുന്നതായും ആക്ഷേപമുണ്ട്. ഇതിനു മുന്‍പ് പല പ്രാവശ്യം പുള്ളിക്കാനത്തും മറ്റും വാഹനങ്ങൾക്ക് തീ പിടിച്ചപ്പോൾ വൈകിയാണ് ഫയർഫോഴ്സിന് എത്താൻ കഴിഞ്ഞത്.
ഒട്ടേറെ ടൂറിസ്റ്റ് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ ഐറീഷ് ഓട സ്ഥാപിച്ചാൽ വാഹനങ്ങൾക്ക് ഓടിയെത്താനും വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്ക് തടസമില്ലാതെ പോകുന്നതിനും സൗകര്യമാകുമെന്ന് നാട്ടുകാർ പറയുന്നു. ഓടയില്ലാത്തതിനാൽ മഴവെള്ളം റോഡിലൂടെ ഒഴുകിയാണ് പാത കുണ്ടും കുഴിയുമായി മാറുന്നത്.