തിരുവനന്തപുരം: ചപ്പു ചവറുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും പടർന്ന തീ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലേയ്ക്ക് വ്യാപിച്ചു.
നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ തീ കെടുത്തിയതിനാൽ തൊട്ടടുത്തുണ്ടായിരുന്ന മറ്റു കാറുകളിലേയ്ക്ക് പടർന്നില്ല. ഇന്നലെ വൈകി കണ്ണമ്മൂല ഡ്രെയിനേജ് റോഡിലാണ് സംഭവം.
റോഡിനോടു ചേർന്നുള്ള പുരയിടത്തിലാണ് ചപ്പുചവറുകൾക്ക് തീ പിടിച്ചത്. തീ ചുറ്റുമതിലിനേക്കാൾ ഉയർന്നു പൊങ്ങുകയും ഗേറ്റിനിടയിലൂടെ പുറത്തേയ്ക്ക് വ്യാപിക്കുകയും ചെയ്തു.
ഗേറ്റിനു സമീപം ഉടമസ്ഥനില്ലാതെ വർഷങ്ങളായി പാർക്ക് ചെയ്തിരുന്ന പഴയ കാറിലേയ്ക്ക് തീപടർന്നു. പഴയ കാറിന്റെ ഡോർ ഉൾപ്പെടെ ദ്രവിച്ചതിനാൽ തീ വളരെ വേഗം കാറിനുള്ളിലേയ്ക്കും പടർന്നു.
തീയും പുകയും ഉയർന്നതോടെ സമീപവാസികൾ പരിഭ്രാന്തരായി. ഈ സമയത്ത് നാട്ടുകാർ പരിസരത്തെ വീടുകളിൽ നിന്ന് വെള്ളമെത്തിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ കെടുത്തുകയായിരുന്നു.
തീ പിടിച്ച കാർ വർഷങ്ങളായി മാർഗതടസമുണ്ടാക്കി റോഡിൽ ഉപേക്ഷിച്ചിരിക്കുകയാണെന്ന് സമീപ വാസികൾ പറഞ്ഞു. തൊട്ടടുത്ത് നിരവധി കാറുകൾ ഉണ്ടായിരുന്നെങ്കിലും വളരെ വേഗം തീ കെടുത്തിയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.