മൂവാറ്റുപുഴ: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒമ്പതരയോടെ കച്ചേരിത്താഴത്താണ് സംഭവം.
മലപ്പുറം താനൂര്‍ സ്വദേശികളായ ഉസ്മാന് പാലാട്ടില്‍, ബാജി, സൂരജ് എന്നീ മൂന്നംഗ സംഘം സഞ്ചരിച്ച കാറിലാണ് തീപിടിത്തമുണ്ടായത്.
വിവിധ ആവശ്യങ്ങള്‍ക്കായി മൂവാറ്റുപുഴയിലെത്തി തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം. എ.സി പ്രവര്‍ത്തിപ്പിച്ചു സഞ്ചരിക്കുകയായിരുന്ന വാഹനത്തിന്റെ മുന്‍ സീറ്റിലിരുന്ന ഉസ്മാന് കാലില്‍ ചൂട് അനുഭവപ്പെട്ടതോടെ വാഹനം നിര്‍ത്തി പുറത്തിറങ്ങി.
ഉടന്‍ തീ വാഹനത്തില്‍ പടരുകയായിരുന്നു. 10000 രൂപയും സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളുമാണ് കത്തി നശിച്ചത്.
വിവരമറിയിച്ചതിനെതുടര്‍ന്ന് മൂവാറ്റുപുഴ അഗ്നിരക്ഷാസേനയില്‍നിന്നു സ്റ്റേഷന് ഓഫീസര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ യാക്കൂബ്, സിദ്ദീഖ് ഇസ്മായില്‍, ആര്. അനീഷ് , പി.ബി. അനീഷ് കുമാര്‍, എച്ച്.ജി. റെജി എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്.