തളിപ്പറമ്പ്: തളിപ്പറന്പിൽ കാര്‍ തകര്‍ക്കല്‍ കള്ളന്മാര് വീണ്ടും സജീവം. തളിപ്പറമ്പില്‍ ശനിയാഴ്ച വീണ്ടും നടന്ന കാര്‍ തകര്‍ക്കല്‍ കവര്‍ച്ചയിലും പ്രതികള്‍ പുറത്തുതന്നെ വിലസുമ്പോഴും നിസഹായരായി നില്‍ക്കുകയാണ് പോലീസ്.
കഴിഞ്ഞ എട്ടുമാസമായി നഗരത്തെ വിറപ്പിച്ച് 14 കവര്‍ച്ചകള്‍ നടത്തിയ സംഘത്തെക്കുറിച്ച് പോലീസിന് ഒരു തുമ്പും ഇതുവരെ ലഭിച്ചില്ല.
ശനിയാഴ്ച ഐ ഫോണ്‍ ഉള്‍പ്പെടെ രണ്ട് മൊബൈല്‍ ഫോണുകളും പിന് നമ്പര്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയ എടിഎം കാര്‍ഡുകളും വിദേശ ഡ്രൈവിംഗ് ലൈസന്ഡസ് ഉള്‍പ്പെടെ വിലപ്പെട്ട രേഖകളുള്ള ബാഗും 3000 രൂപയും കവര്‍ന്നതാണ് ഒടുവിലത്തെ സംഭവം. രാജരാജേശ്വരക്ഷേത്രപരിസരത്ത് പാര്‍ക്ക് ചെയ്ത കാറിന്റെ ഡോര്‍ തകര്‍ത്താണ് മോഷണം നടന്നത്. വൈകുന്നേരം 6.40 ന് ക്ഷേത്ര ദര്‍ശനത്തിനെത്തിയ ബഹ്റൈനില്‍ ജോലി ചെയ്യുന്ന ഏഴാംമൈല്‍ വടക്കാഞ്ചേരി റോഡിലെ ഹരിദാസിന്റെ കാറിന്റെ ഡോറാണ് തകര്‍ക്കപ്പെട്ടത്.
മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞത് പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും അത് അവ്യക്തമാണ്. ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് 7.15 ന് ഹരിദാസും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് ഡോര്‍ തകര്‍ത്തത് കണ്ടത്. സിസിടിവിയില്‍ മോഷണം നടന്നത് ഏഴിനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബാഗിലുള്ള ഐ ഫോണ്‍ രാത്രി പന്ത്രണ്ടരയോടെ തൃച്ചംബരം സാന്‍ജോസ് സ്കൂള്‍ വളപ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടുകിട്ടിയത് ഹരിദാസന് ലാപ്ടോപ്പില്‍ ട്രാക്ക് ചെയ്തായതിനാല്‍ അവിടെയും പോലീസിന് ഒന്നും ചെയ്യാനായില്ല. 2019 ജനുവരി 17 ന് കാറിന്റെ ചില്ല് തകര്‍ത്തുള്ള മോഷണ പരമ്പരക്ക് തുടക്കം കുറിച്ച ശേഷം ഇന്നലെ നടന്നത് 14-ാമത്തെ കവര്‍ച്ചയാണ്.
കരിമ്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ല് തകര്‍ത്ത് മുന്‍ സീറ്റില്‍ വെച്ചിരുന്ന ബാഗ് മോഷ്ടിച്ചതായിരുന്നു ആദ്യ സംഭവം. മോഷണങ്ങളെല്ലാം ചുരുങ്ങിയ സമയങ്ങളിലാണ് നടന്നിട്ടുള്ളത്. മോഷണത്തിനിരയായവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും തസ്കരന് പിടിയിലായില്ല . ജനുവരിയില്‍ നടന്ന മോഷണത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുമ്പോഴാണ് പട്ടാപകല്‍ ഉമ്മര്‍ കുട്ടിയുടെ വണ്ടി തകര്‍ത്ത് പണം അപഹരിച്ചത്. ഇതിനിടെ ജൂലൈ മാസം രണ്ടുപേരെ കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.