കോഴിക്കോട്: ഗോവ ഗവര്ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ചു കയറ്റിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനെതിരേ കേസെടുക്കാതെ പോലീസ്.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകന് ജൂലിയസ് നികാസിനെതിരായ നടപടി പോലീസ് പിഴയില് ഒതുക്കുകയായിരുന്നു. കസബ പോലീസാണ് ഇയാളില്നിന്ന് ആയിരം രൂപ പിഴ ഈടാക്കിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. രാത്രി 7.50ന് മാറാട് സ്വകാര്യ ചടങ്ങു കഴിഞ്ഞു ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള കോഴിക്കോട്ടെ വസതിയിലേക്കു വരുമ്പോൾ മാവൂർ റോഡിൽ അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംഗ്ഷനിലായിരുന്നു സംഭവം. ഗവർണറുടെ വാഹനം കടന്നു പോയ ഉടനെ അതിനു പിന്നിലേക്കാണ് കാർ കയറിയത്.
ഉടനെ പോലീസ് സുരക്ഷാ വാഹനം നിർത്തി. കാർ പിറകോട്ട് എടുക്കാൻ വിസമ്മതിച്ച യുവാവ് വീണ്ടും യാത്ര തുടരാൻ ശ്രമിച്ചു. ഇതോടെ യുവാവിനെ കസ്റ്റഡിയിലെടുത്തു കസബ സ്റ്റേഷനിൽ എത്തിച്ചു. നടക്കാവ് പോലീസ് എത്തി ചോദ്യം ചെയ്തു. അപ്പോഴാണു യുവാവിന്റെ സിപിഎം ബന്ധം പോലീസ് അറിയുന്നത്. ഒടുവിൽ യുവാവിനെതിരേ ട്രാഫിക് നിയമലംഘനത്തിനു 1,000 രൂപ പിഴ അടപ്പിച്ച് വിട്ടയച്ചു.
അതേസമയം സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നു ഡെപ്യൂട്ടി കമ്മീഷണർ അനൂപ് പലിവാൾ പറഞ്ഞു. സുരക്ഷാ വാഹന വ്യൂഹത്തിനിടെ സുരക്ഷ മറികടന്നു സ്വകാര്യ കാർ കയറിയ സംഭവം അന്വേഷിക്കുമെന്നു ഗോവ രാജ്ഭവൻ ഉദ്യോഗസ്ഥർ അറിയിച്ചു.