കടവന്ത്ര പോലീസ് ഇന്‍സ്പെക്ടറും വനിതാ ഡോക്ടറും സഞ്ചരിച്ചിരുന്ന കാര്‍ യുവാവിനെ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
18ന് രാത്രി 9.30 ഓടെ ഹാര്‍ബര്‍ പാലത്തില്‍ വച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ചുള്ളിക്കല്‍ സ്വദേശി വിമല്‍(28) സഞ്ചരിച്ചിരുന്ന സ്കൂട്ടറാണ് ഇടിച്ചു തെറിപ്പിച്ചത്.
സംഭവശേഷം ഇന്‍സ്പെക്ടറുടെ കാര്‍ നിര്‍ത്താതെ പോയി. അപകടത്തില്‍ സാരമായി പരിക്കേറ്റ വിമല്‍ തോപ്പുംപടി പോലീസില്‍ പരാതിപ്പെട്ടിട്ടും പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്.
സംഭവം വിവാദമായതോടെ ഇന്നലെ രാത്രി തോപ്പുംപടി പോലീസിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവന്നു.
അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതിരുന്നത് സ്ഥലത്ത് ഗതാഗതകുരുക്ക് ഉണ്ടാകാതിരിക്കാനായിരുന്നു എന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
വിമലിന്റെ വലതുകൈയുടെ കൈക്കുഴ തെന്നിമാറിയിട്ടുണ്ട്. വയറിലും പരിക്കുപറ്റിയിട്ടുണ്ട്. എസ്എച്ച്ഒ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് വിമല്‍ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറില്‍ ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ വിമലും സ്കൂട്ടറും തെറിച്ചുപോയി. സംഭവത്തില്‍ ദൃക്സാക്ഷികളായ ബൈക്ക് യാത്രികരായ നാല് യുവാക്കള്‍ പിന്തുടര്‍ന്നതോടെ രണ്ടുകിലോ മീറ്റര്‍ അകലെ ആളൊഴിഞ്ഞ ഭാഗത്ത് കാര്‍ നിറുത്തുകയായിരുന്നു.
ബൈക്കിലെത്തിയവര്‍ കാറിലുണ്ടായിരുന്നവരെ അപകടത്തെക്കുറിച്ച് അറിയിച്ചപ്പോള്‍ അവരോട് പോലീസ് ഇന്‍സ്പെക്ടറും വനിതാ ഡോക്ടറും തട്ടിക്കയറി. വിവരമറിഞ്ഞ് തോപ്പുംപടി പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവരെയും പോകാന്‍ അനുവദിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ വിമലിനെ നാട്ടുകാര്‍ ചേര്‍ന്നാണ് കരിവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി അധികൃതര്‍ ഇതുസംബന്ധിച്ച് അറിയിപ്പ് പോലീസിന് നല്‍കിയിരുന്നു.
എന്നാല്‍ പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ല. ഇതേതുടര്‍ന്ന് തൊട്ടടുത്ത ദിവസം രാവിലെ സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും വിമലിന്റെ സ്കാനിംഗ് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാമെന്ന നിലപാടാണ് തോപ്പുംപടി പോലീസ് സ്വീകരിച്ചത്.
സംഭവത്തില്‍ പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും ആരോപണമുണ്ട്. അപകടത്തില്‍ കേസെടുക്കാത്തതുള്പ്പെടുള്ള കാര്യങ്ങള്‍ വാര്‍ത്തയായതോടെയാണ് തോപ്പുംപടി പോലീസ് മൊഴി രേഖപ്പെടുത്തിയത്.
തുടര്‍ന്ന് ഇന്നലെ രാത്രി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അപകടത്തിനിടയാക്കിയ കാര്‍ ഓടിച്ചത് പോലീസ് ഉദ്യോഗസ്ഥനാണെന്ന് പിന്നീടാണ് വിമലും ബന്ധുക്കള്‍ക്കും മനസിലായത്.