കൊച്ചി: പ്രസവവേദന മൂർച്ഛിച്ചതിനെത്തുടർന്ന് ആശുപത്രിയിലേക്കു പുറപ്പെട്ട യുവതിക്കു കുതിച്ചുപായുകയായിരുന്ന കാർ പ്രസവമുറിയായി. ആശുപത്രി മുറ്റത്തെത്തിയപ്പോൾ മാലാഖമാരെപ്പോലെ നഴ്സുമാർ ചോരക്കുഞ്ഞിന് അകന്പടിയും പരിചരണവുമായി. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം.
ചാലക്കുടി അന്നനാട് മേലേടത്ത് വിൽസന്റെ ഭാര്യ ജെയ്സിയാണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ തന്റെ രണ്ടാമത്തെ കുഞ്ഞിനു കാറിൽ ജന്മം നൽകിയത്. തലയോലപ്പറന്പിലുള്ള സ്വന്തം വീട്ടിൽനിന്നാണ് അമ്മ മേരിക്കും സഹോദരൻ ജോബിക്കുമൊപ്പമാണു ജെയ്സി എറണാകുളം ലിസി ആശുപത്രിയിലേക്കു പുറപ്പെട്ടത്. എറണാകുളമെത്തുന്നതിനു മുന്പേ വേദന കൂടി. ആശുപത്രിയുടെ മുറ്റമെത്തുന്പോഴേക്കും പ്രസവം നടന്നു.
ഗൈനക്കോളജി വിഭാഗത്തിലെ നഴ്സുമാർ പാഞ്ഞെത്തി അമ്മയേയും കുഞ്ഞിനേയും കാറിൽനിന്നു ഞൊടിയിടകൊണ്ടു ലേബർ റൂമിലേക്കു മാറ്റി. ഇതിനിടെ ചാലക്കുടിയിൽനിന്നു ഭർത്താവ് വിൽസനുമെത്തി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.