കൊച്ചി: വാഹനങ്ങൾ ഒന്നിലധികമുണ്ടെങ്കിലും ഉടമയ്ക്കു നിർബന്ധിത അപകട ഇൻഷ്വറൻസ് ജനുവരി മുതൽ ഒന്നു മതി. അപകട ഇൻഷ്വറൻസ് പോളിസികളിൽ ഇളവ് അനുവദിച്ചുള്ള ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഉത്തരവ് ജനുവരി ഒന്നിനു നിലവിൽ വരും.
ഓണർ ഡ്രൈവറുടെ ഇൻഷ്വറൻസ് കവറേജിന്, പ്രതിവർഷം പ്രീമിയത്തോടൊപ്പം അധികമായി അടയ്ക്കേണ്ട 750 രൂപ ഒന്നിലധികം വാഹനങ്ങളുള്ളവർ പ്രത്യേകം അടയ്ക്കണമായിരുന്നു. പുതിയ ഉത്തരവ് നടപ്പാകുന്നതോടെ ഇത് ഒഴിവാകും. 15 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയാണ് ഈ തുക അടയ്ക്കുന്പോൾ ലഭിക്കുന്നത്.
ജനുവരി ഒന്നിനുശേഷം ഇൻഷ്വറൻസ് എടുക്കുന്പോൾ വാഹനത്തിനും ഉടമയ്ക്കും പ്രത്യേകം പോളിസി സർട്ടിഫിക്കറ്റുകൾ വാങ്ങണം. പുതിയ വാഹനം വാങ്ങുന്പോൾ അപകട ഇൻഷ്വറൻസ് പോളിസി ഉള്ളവർ അതു ഹാജരാക്കണം. വാഹന ഉടമ അതേവാഹനം അപകടത്തിൽപ്പെട്ടു മരിച്ചാൽ 15 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയാണു ലഭിക്കുക.