കൊച്ചി: പുതിയ വാഹനം വാങ്ങുന്നവരോട് ഇൻഷ്വറൻസ് നിർബന്ധമായും അവിടെനിന്നു തന്നെ എടുക്കണമെന്നു പറയാനുള്ള അവകാശം വാഹന ഡീലർക്ക് ഇല്ലെന്നു ഡെപ്യുട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അജിത് കുമാർ. വാങ്ങാൻ പോകുന്ന വാഹനത്തിന്റെ ചെയ്സിസ് നന്പറും എൻജിൻ നന്പറും മറ്റ് വിവരങ്ങളും വിലാസവും നൽകിയാൽ ഏത് ഇൻഷ്വറൻസ് കന്പനിയിൽനിന്നു വേണമെങ്കിലും ഇൻഷ്വറൻസ് എടുക്കാം.
അഞ്ചു വർഷമായ ഒരു വാഹനം വിൽക്കുന്പോൾ നോ ക്ലെയിം ബോണസിന് അർഹനായ വ്യക്തി അതേ ക്ലാസിലുള്ള പുതിയ വാഹനം വാങ്ങുന്പോൾ ഇതേ ഇൻഷ്വറൻസ് കന്പനിയിൽനിന്ന് ഇൻഷ്വറൻസ് തുകയിൽ 50 ശതമാനം ഇളവ് ലഭിക്കും.
വലിയ വാഹനം വാങ്ങിക്കുന്നവർക്ക് ഇങ്ങനെ ധാരണയിലൂടെ വലിയ ഒരു തുക ലാഭിക്കാനാകും. ഇൻഷ്വറൻസ് കന്പനികളുടെ ഓണ്‍ലൈൻ സർവീസിലൂടെയും കുറഞ്ഞ തുകയ്ക്കു വാഹനങ്ങളുടെ ഇൻഷ്വറൻസ് എടുക്കാം. ഇക്കാര്യങ്ങൾ അറിയാത്ത വാഹന ഉടമകൾക്ക് ഇത്തരം സേവനങ്ങൾ ചെയ്തു നൽകുന്ന ഇന്റർനെറ്റ് സർവീസുകാരെ സമീപിക്കാം.
ഒരു വാഹനം വാങ്ങുന്പോൾ ഉപഭോക്താവ് പല ഡീലർമാരിൽനിന്നു ക്വട്ടേഷൻ വാങ്ങിച്ച് ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ തരുന്ന ഡീലറിൽനിന്നു വാഹനം വാങ്ങുന്നതുപോലെ, ഏറ്റവും കുറഞ്ഞ ഇൻഷ്വറൻസ് പ്രീമിയമുള്ള കന്പനിയിൽനിന്ന് ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് വാങ്ങിച്ചു ഡീലർമാർക്കു കൈമാറാനുളള അവകാശം ഉപഭോക്താവിനുണ്ടെന്നും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.