മുംബൈ: ചില വിഭാഗം മോട്ടോർ വാഹനങ്ങളുടെ തേഡ് പാർട്ടി പ്രീമിയത്തിൽ ചെറിയ കുറവുണ്ടാകും. ചെറുകാറുകൾക്കും ചെറുടൂവീലറുകൾക്കുമാണ് ആശ്വാസം. ഏപ്രിലിൽ നടപ്പാക്കേണ്ട പുതിയ നിരക്കു തീരുമാനിക്കുന്നതിന് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) പുറത്തുവിട്ട കരടു നിർദേശത്തിലാണിത്.
കരടു നിർദേശത്തെപ്പറ്റി മാർച്ച് 22 വരെ അഭിപ്രായം അറിയിക്കാം. ഏപ്രിൽ ഒന്നിനു മുന്പ് അഥോറിറ്റി പുതിയ നിരക്ക് പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ടു വർഷവും വലിയ തോതിൽ പ്രീമിയം കൂട്ടിയിരുന്നു.
ആയിരം സിസിയിൽ കൂടാത്ത കാറുകൾക്ക് 2055 രൂപ പ്രീമിയം 1850 രൂപയായി താഴും. മറ്റിനം കാറുകളുടെ നിരക്കിൽ മാറ്റമില്ല. 75 സിസിയിൽ കൂടാത്ത ടൂവീലറുകളുടെ പ്രീമിയം 569 രൂപയിൽനിന്ന് 427 രൂപയായി കുറയും. 75-150 സിസി വിഭാഗം ടൂവീലറുകൾക്കു നിരക്കുമാറ്റമില്ല. 720 രൂപ തുടരും. 150-350 സിസി വിഭാഗത്തിൽ ചെറിയ വർധന നിർദേശിച്ചു. 350 സിസിയിൽ കൂടിയ ടൂവീലറുകൾക്കും പ്രീമിയം 2323 രൂപയാക്കാനാണു നിർദേശം.
വിന്റേജ് ആൻഡ് ക്ലാസിക് കാർ ക്ലബ് ഓഫ് ഇന്ത്യ “വിന്റേജ് കാർ’ എന്നു സർട്ടിഫൈ ചെയ്തിട്ടുള്ള കാറുകൾക്ക് 50 ശതമാനം നിരക്കിളവ് അനുവദിക്കും.
ത്രീവീലറുകൾ അല്ലാത്ത ചരക്കുവണ്ടികൾക്കു നിരക്ക് കൂട്ടിയിട്ടുണ്ട്. 7500 കിലോഗ്രാമിൽ കൂടുതൽ മൊത്ത വാഹനഭാരം (ജിവിഡബ്ല്യു) ഇല്ലാത്ത വാഹനങ്ങൾക്ക് നിരക്ക് കൂടില്ല. ത്രീവീലറുകളുടെ പ്രീമിയം കുറയും.