മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ആഡംബര വാഹനം തിരകെ കിട്ടാൻ ഗുജറാത്ത് സ്വദേശിക്ക് അടക്കേണ്ടി വന്നത് 27.68 ലക്ഷം രൂപ. രാജ്യത്ത് ഇതുവരെ അടച്ചതിൽ ഏറ്റവും കൂടിയ പിഴതുകയാണിതെന്ന് അഹമ്മദാബാദ് പോലീസ് വിശദമാക്കി. രഞ്ജിത്ത് ദേശായി എന്ന യുവാവാണ് ഇത്രയും ഭീമമായ പിഴയൊടുക്കേണ്ടി വന്നത്.
പോർഷെ 991 സ്പോർട്സ് കാർ കൃത്യമായ രേഖകൾ ഇല്ലാതിരുന്നതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. നവംബറിലായിരുന്നു കാർ കസ്റ്റഡിയിലെടുത്തത്. ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ കൃത്യമായ മറുപടിയോ രേഖകളോ ഇല്ലാതിരുന്നതിനാൽ വാഹനം പിടിച്ചെടുക്കുകയായിരുന്നു. പിന്നീടാണ് ഉടമയ്ക്കെതിരേ അധികൃതർ പിഴചുമത്തിയത്.