കണ്ണൂർ: തളിപ്പറന്പിൽ കാർ തകർത്തു കവർച്ച നടത്തിയിരുന്ന മോഷ്ടാവ് ഒടുവിൽ പോലീസിന്റെ വലയിൽ കുടുങ്ങി. പുഷ്പഗിരി സ്വദേശി അബ്ദുൾ മുജീബാണ് അറസ്റ്റിലായത്. ഒൻപത് മാസത്തോളം പോലീസിനു തലവേദന സൃഷ്ടിച്ച ശേഷമാണ് മുജീബിന്റെ അറസ്റ്റ്.
വ്യാഴാഴ്ച പറശിനിക്കടവിലും സ്നേക്ക് പാർക്കിനു സമീപവും നടന്നതുൾപ്പെടെ തളിപ്പറന്പിൽ കാർ തകർത്ത് 16 കവർച്ചകളാണു നടന്നത്. കരിന്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ലു തകർത്തു മുൻസീറ്റിൽ വച്ചിരുന്ന ബാഗ് മോഷ്ടിച്ചതായിരുന്നു ആദ്യസംഭവം. അന്നേദിവസം തന്നെ മണിക്കൂറുകൾക്കുള്ളിൽ പുഷ്പഗിരി സ്വദേശി വി.വി അബ്ദുള്ളയുടെ ഇന്നോവയുടെ ചില്ലു തകർത്ത് സീറ്റിൽ വച്ചിരുന്ന ബാഗും കവർന്നു.
ഫെബ്രുവരി ഒന്നിനു പട്ടാപ്പകൽ മന്നയിലെ വ്യാപാരിയായ ഉമ്മർ കുട്ടിയുടെ ഇന്നോവ ക്രിസ്റ്റയുടെ പിൻനിരയിലെ സീറ്റിനരികിലുള്ള ചില്ലു തകർത്ത് മൂന്നു ലക്ഷം രൂപയും രേഖകളുമടങ്ങുന്ന ബാഗ് മോഷ്ടിച്ചു. മോഷണങ്ങളെല്ലാം ചുരുങ്ങിയ സമയങ്ങളിലാണു നടന്നത്.
മോഷണത്തിനിരയായവർ പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും ആരെയും പിടികൂടാനുമായിരുന്നില്ല. അറസ്റ്റിലായ പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. മോഷണത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നു പോലീസ് അന്വേഷിച്ചു വരികയാണ്.