ചവറ: വാഹനവായ്പക്കായി ലോൺ നൽകുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ഉപഭോക്താക്കളെ വൻതോതിൽ ചൂഷണം ചെയ്യുന്നതായി പരാതി. കാർ, മോട്ടോ സൈക്കിൾ, ഓട്ടോറിക്ഷ എന്നിവക്കായി ലോൺ എടുക്കുന്നവരാണ് ചൂഷണങ്ങൾക്ക് വിധേയരാവുന്നതിൽ അധികവും. ലോൺ പ്രൊസസിംഗ്, സ്റ്റാമ്പ് ഡ്യൂട്ടി, ഗവൺമെൻറ് ഇടപാടുകൾ, സർവീസ് ചാർജ് എന്നൊക്കെ പറഞ്ഞ് ഉപഭോക്താക്കളിൽ നിന്നും നാലായിരത്തി അഞ്ഞൂറ് രൂപ മുതൽ ഏഴായിരത്തി അഞ്ഞൂറ് രൂപ വരെ വസൂലാക്കുന്ന ബാങ്കുകളുണ്ട്.
എന്നാൽ ഇത്രയും കാര്യങ്ങൾക്ക് പരമാവധി ആയിരത്തി 500 രൂപ മാത്രമേ ചിലവാകൂ എന്നതാണ് യാഥാർഥ്യം. കൂടാതെ വായ്പയായി അനുവദിക്കുന്ന തുകയിൽ നിന്നും ആദ്യ ഗഡു മുൻകൂറായി അടച്ചാൽ മാത്രമേ ലോൺ തുക നൽകുകയുള്ളൂ. അഞ്ച് ലക്ഷം രൂപ വായ്പയെടുക്കുന്ന ഉപഭോക്താവ് അഞ്ച് ലക്ഷത്തിനന്റെ ആദ്യ ഗഡുവായ പതിനയായിരം രൂപയോടൊപ്പം പ്രൊസസിംഗ് ചാർജായി അയ്യായിരം രൂപ കൂടി അടക്കേണ്ടി വരുന്നു.
ഫലത്തിൽ നാല് ലക്ഷത്തി എമ്പതിനായിരം രൂപ കൊടുത്തിട്ട് അഞ്ചു ലക്ഷത്തിന്റെ പലിശ വാങ്ങുന്ന തീവെട്ടിക്കൊള്ളയാണ് ചില സ്വകാര്യ ബാങ്കുകൾ നടത്തുന്നത്. രൊക്കം പണം കൊടുക്കാൻ ഗതിയില്ലാത്തവരായതിനാലും ലോൺ അത്യാവശ്യമായതിനാലും ഉപഭോക്താക്കൾ ഇത്തരം ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കില്ല എന്നതാണ് ബാങ്കുകളുടെ ധൈര്യം.