കൊല്ലം: കാറുകളുടെ ലോഗോ നോക്കിയാൽ അത് ഏത് കാറിന്റെതാണെന്ന് വിനായക് പറയും. അറിവിന്റെ അശ്വമേധം പരിപാടിയെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഈ ബാലന്റെ പ്രകടനം . നാലുവയസുകാരൻ വിനായകന്റെ മനസ് ഒരു സ്കാനറാണ് . ആഡംബരക്കാറുകളുടെ ലോഗോയാണ് ഈ കൊച്ചു മിടുക്കൻ സ്കാൻ ചെയ്തു ഹൃദയത്തിലേറ്റിയിരിക്കുന്നത്.
ദിനം പ്രതി നിരത്തിലിറങ്ങുന്ന പുതിയ കാറുകൾ കണ്ട് മുതർന്നവർ അന്പരക്കുന്പോൾ വിനായക് ലോഗോ നോക്കിപ്പറയും ആ കാറേതാണെന്ന്. ഇന്റർ നാഷണൽ ബ്രാൻഡുകൾ ഉൾപ്പെടെ80 ആഡംബര കാറുകളുടെ ലോഗോ വിനായകിന് മന:പാഠം .അച്ഛൻ പ്രവാസിയായ ശരത് ചന്ദ്രനും ഭാര്യനിഷയ്ക്കും സ്വന്തമായി ഒരു മാരുതി 800 കാർപോലും ഇല്ലെങ്കിലും മകന്റെ മനസിലൂടെ ഓടുന്നത് ലംബോർഗിനിയും റോൾസ് റോയ്സും ബി എം ഡബ്ല്യൂമൊക്കെ ചാർട്ടാക്കി തൂക്കിയ ലോഗോകൾ മാത്രം നോക്കി 48 കാറുകളുടെ പേര് 46 മിനിറ്റു കൊണ്ട് പറഞ്ഞ വിനായക് കാഴ്ചക്കാരെ ഞെട്ടിച്ചിരുന്നു.
ഇതിന്റെ വീഡിയോ യൂട്യൂബിൽ വൈറലായി കഴിഞ്ഞു. കാഴ്ചയുറച്ചു തുടങ്ങിയകാലം മുതലേ ലോഗോകളിൽ കന്പമുണ്ടായിരുന്ന വിനായക് രണ്ടു വർഷം മുന്പ് അച്ഛനൊപ്പം ഗൾഫിലുണ്ടായിരുന്ന സമയം ആഡംബരക്കാറുകളുടെ ലോഗോകണ്ട് അച്ഛനോടും അമ്മയോടും അവയുടെ പേര് ചോദിച്ചിരുന്നു. എന്നാൽ വെറും കൗതുകം എന്നതിനപ്പുറം വാഹനങ്ങളുടെ ലോഗോകൾ മകന്റെ കളിക്കൂട്ടാകുമെന്ന് അച്ഛനമ്മമാർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
രണ്ടുവയസിൽ ചോദിച്ചറിഞ്ഞ പേരുകൾ ഇന്നും ഈ മിടുക്കന് മന പ്പാഠം .എൽ കെ ജി ക്ലാസിൽ അക്ഷരങ്ങൾ കൂട്ടിവായിച്ചു തുടങ്ങിയതേയുളളു. പക്ഷേ വാഹനങ്ങൾ കണ്ടാൽ കുഞ്ഞു ചുണ്ടുകളിൽ തത്തിക്കളിക്കുന്നത് വലിയ കന്പനികളുടെ ബ്രാൻഡ് നെയിം .
ആദ്യം ഒരു കൗതുകത്തിന് മകന്റെ ഈ കഴിവ് വീഡിയോ പിടിച്ച് ചില സുഹൃത്തുകൾക്കും ബന്ധുക്കൾക്കും വാട്സപ്പ് ആയി അയച്ചു കൊടുത്തു.വീഡിയോകണ്ടവർ കണ്ടവർ അത് പ്രചരിപ്പിക്കുകയും ഇപ്പോൾ വാട്സപ്പ് ,ഫെയിസ്ബുക്ക് വഴിയുംയൂട്യൂബിലൂടെ യും വൈറലായി മാറികഴിഞ്ഞതോടെ നാട്ടിലെ താരമായി മാറിയിരിക്കുകയാണ് ഈ നാലുവയസുകാരൻ .