ആലപ്പുഴ: എ-സി റോഡില്‍ കൈതവന ജംഗ്ഷനില്‍ കാറും ലോറിയും കൂട്ടിയിടിച്ചു കാറിന് തീപിടിച്ചു. ഇന്നലം രാത്രി 12.30നായിരുന്നു അപകടം. ഹരിയാനയില്‍നിന്ന് കോട്ടയത്തെ ഷോറൂമിലേക്ക് ഇരുചക്ര വാഹനങ്ങളുമായി പോവുകയായിരുന്ന കവചിത വാഹനത്തില്‍ ആലപ്പുഴ പഴവീട് ഭാഗത്തുംനിന്നും ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
ലോറിയുടെ ഡീസല്‍ ടാങ്ക് ഭാഗത്തേക്ക് കാര്‍ ഇടിച്ചുകയറിയതിനെ തുടര്‍ന്ന് തീ പിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ കത്തിനശിച്ചു. കാര്‍ യാത്രക്കാരായ ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് കൊച്ചുകളരിക്കല്‍ പുത്തന്‍വീട്ടില്‍ അനീഷ്, അഭിജിത് എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
ലോറിയുടെ ഡീസല്‍ ടാങ്കിനും തീ പിടിച്ചെങ്കിലും വാഹനഡ്രൈവര്‍ സദ്ദാം മണല്‍ വാരിയിട്ട് തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടമറിഞ്ഞ് ആലപ്പുഴയില്‍ നിന്നെത്തിയ മൂന്നു യൂണിറ്റ് ഫയര്‍ ഫോഴ്സ് ഒന്നേകാല്‍ മണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്.
ഇടിയുടെ ആഘാതത്തില്‍ ചോര്‍ന്ന ഇന്ധനം റോഡില്‍ പരന്നിരുന്നു.അപടത്തെ തുടര്‍ന്ന് റോഡിലൂടെയുള്ള ഗതാഗതവും തടസപ്പെട്ടു. ആലപ്പുഴ ഫയര്‍ അസിസ്റ്റന്‍ഡ് സ്റ്റേഷന് ഓഫീസര്‍ ആര്. ഗിരീഷ്, ലീഡിംഗ് ഫയര്മാന്മാരായ മുഹമ്മദ് താഹ, പാര്ത്ഥസാരഥന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.