വൻ കുതിപ്പു രേഖപ്പെടുത്തി ഇന്ത്യൻ കാർ വിപണി. 2023ൽ ഇന്ത്യയിലെ കാർ വിപണിയിൽ വർഷത്തേക്കാൾ 8.3 ശതമാനം കൂടുതൽ വിൽപ്പന നേടി. 2022ൽ 37.92 ലക്ഷം കാറുകൾ രാജ്യത്ത് വിറ്റഴിഞ്ഞപ്പോൾ 2023ൽ അത് 41.08 ലക്ഷമായി കുതിച്ചുയർന്നു. ആകെ നാലരലക്ഷം കോടി രൂപയുടെ കാറുകൾ.
ലോക സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടം വാഹന വിണിയിലും ദൃശ്യമായി എന്നു വേണം കരുതാൻ. കഴിഞ്ഞ വർഷം വിറ്റ കാറുകളിൽ പകുതിയിലധികവും എസ്യുവികളായിരുന്നു എന്നതും ശ്രദ്ധേയമാണ്. മാരുതി സുസൂക്കി, ടാറ്റാ മോട്ടേഴ്സ്, ഹ്യൂണ്ടായ്, മഹീന്ദ്ര, ടൊയോട്ട തുടങ്ങിയ കമ്പനികളെല്ലാം തന്നെ വലിയ വളർച്ച രേഖപ്പെടുത്തി.
ഒരു വർഷം 20 ലക്ഷത്തിലധികം വാഹനങ്ങൾ വിറ്റഴിച്ച് മാരുതി സുസുക്കി പുതിയ റിക്കാർഡ് സ്ഥാപിച്ചു. 20,66,219 കാറുകളാണ് 23ൽ മാരുതി രാജ്യത്തു വിറ്റഴിച്ചത്. ഹ്യുണ്ടായ് മോട്ടേഴ്സ് ആദ്യമായി ആറു ലക്ഷം യൂണിറ്റുകൾ വിറ്റ് പുതിയ തലം കണ്ടെത്തി. 5.53 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച ടാറ്റാ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വമ്പൻ നേട്ടവും കരസ്ഥമാക്കി.
ടൊയോട്ട 2.33 ലക്ഷം എംജി മോട്ടേഴ്സ് 56,902 എന്നിങ്ങനെയാണ് കാറുകളുടെ വിൽപ്പന. എസ്യുവിയുടെ വിൽപ്പനയിൽ മഹീന്ദ്രയ്ക്കും വൻ കുതിപ്പു നേടാനായി. 2023 ഡിസംബറിൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ മഹീന്ദ്രയ്ക്ക് മുൻ വർഷത്തേക്കാൾ 24 ശതമാനം വളർച്ച നേടാനായി. 2022 ഡിസംബറിൽ 28,445 യൂണിറ്റുകൾ വിറ്റ മഹീന്ദ്ര ഇക്കൊല്ലം ഡിസംബറിൽ അത് 35,174 യൂണിറ്റുകൾ ആക്കി ഉയർത്തി. മഹീന്ദ്രയുടെ എസ്യുവികൾക്ക് ഇപ്പോൾ നല്ല ഡിമാന്റാണുള്ളത്. ഇതാണ് വിൽപ്പനക്കണക്കുകളിൽ മുന്നിലെത്താൻ കന്പനിയെ സഹായിച്ചത്.
ഇന്ത്യയിലെ വാഹന വിപണിയിലെ രാജാക്കന്മാർ ഏന്നു വിശേഷിപ്പിക്കാവുന്ന മാരുതിക്ക് റിക്കാർഡ് നേട്ടം കൈവരിക്കാനായ വർഷം കൂടിയായി 2023. വിൽപ്പനയിലും കയറ്റുമതിയിലും 2023ൽ മാരുതി പുതിയ റിക്കാർഡ് സ്ഥാപിച്ചു. ഒറ്റവർഷം കൊണ്ട് 20 ലക്ഷത്തിലധികം കാറുകൾ വിറ്റഴിക്കുന്ന കമ്പനി എന്ന തലയെടുപ്പ് ലോക വാഹനവിപണിയിൽ തന്നെ ശ്രദ്ധേയമായ നേട്ടമാണ്.
എന്നാൽ കഴിഞ്ഞ ഡിസംബറിൽ വിൽപ്പനയിൽ മാരുതിക്ക് തിരിച്ചടി നേരിട്ടു എന്നത് വിജയതിളക്കത്തിലെ കറുത്ത ഏടായി. ഡിസംബറിൽ മാരുതിക്ക് തങ്ങളുടെ ജനപ്രിയ മോഡലുകളുടെ അടക്കം വിൽപ്പനയിൽ കുറവ് നേരിട്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ ഡിസംബർ മാസത്തിൽ മൊത്തം 1,37,551 യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചത്.
എന്നാൽ 2022 ഡിസംബറിൽ മാരുതി മൊത്തം 1,39,347 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. 2023 നവംബറിൽ മാരുതിയുടെ മൊത്തം വിൽപ്പന 1,64,439 യൂണിറ്റായിരുന്നു. ഇതനുസരിച്ച് 2023 ഡിസംബറിൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പന 1.28 ശതമാനം ഇടിഞ്ഞു.
മാരുതി സുസുക്കിയുടെ വിൽപ്പനയിലെ ഈ ഇടിവിന് ഏറ്റവും വലിയ കാരണം മാരുതിയുടെ മിനി കാറുകളായ ആൾട്ടോയും എസ്-പ്രസ്സോയുടെയും മോശം പ്രകടനമാണ്. 2023 ഡിസംബറിൽ ആൾട്ടോയും എസ്-പ്രസ്സോയും ചേർന്ന് 2,557 യൂണിറ്റുകൾ മാത്രമാണ് വിറ്റത്.
2022 ഡിസംബറിൽ ഈ രണ്ടു മോഡലുകളുടെയും കൂടി 9,765 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. 2023 ഡിസംബറിൽ മാരുതി ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂർ എസ്, വാഗൺ ആർ എന്നിവ 45,741 യൂണിറ്റുകൾ വിറ്റു. 2022 ഡിസംബറിൽ ഈ കാറുകൾ ഒരുമിച്ച് 57,502 യൂണിറ്റുകൾ വിറ്റഴിച്ചു. ഇടത്തരം എസ്യുവികളിൽ 2022 ഡിസംബറിൽ 11,54 യൂണിറ്റുകൾ വിറ്റഴിച്ച സിയാസ് 489 യൂണിറ്റുകൾ മാത്രമാണ് ഈ ഡിസംബറിൽ വിറ്റഴിച്ചത്.
അതേസമയം മാരുതി സുസുക്കിയുടെ യൂട്ടിലിറ്റി സെഗ്മെന്റ് കാറുകളുടെ വിൽപ്പന ഡിസംബർ മാസത്തിൽ വർധിച്ചു. ഈ വിഭാഗത്തിൽ മാരുതി ബ്രെസ, എർട്ടിഗ, ഫ്രണ്ട് എക്സ്, ഗ്രാൻഡ് വിറ്റാര, ഇൻവിക്ടോ, എക്സ്എൽ 6 എന്നിവ ഉൾപ്പെടുന്നു.
2023 ഡിസംബറിൽ ഈ വാഹനങ്ങൾ മൊത്തം 45,957 യൂണിറ്റുകൾ വിറ്റു. 2022 ഡിസംബറിൽ ഈ കണക്ക് 33,008 യൂണിറ്റ് മാത്രമായിരുന്നു. കയറ്റുമതിയിലും മാരുതിക്ക് പുതിയ ഉയരങ്ങൾ താണ്ടാനായി. 2,69,046 യൂണിറ്റുകളാണ് 2023ൽ മാരുതി കയറ്റി അയച്ചത്. 2022ൽ ഇത് 2,63,068 യൂണിറ്റുകളായിരുന്നു.
– എസ്. റൊമേഷ്