വെഞ്ഞാറമൂട്: കാക്കാരശി നാടക സമിതിയുടെ മിനി ബസ് കാറുമായി കൂട്ടിയിടിച്ച് റോഡിലേയ്ക്ക് മറിഞ്ഞു.മൂന്ന് നാടകപ്രവർത്തകർക്ക് പരിക്ക്. വിതുര സ്വദേശി അഖിൽ (19), മിനാങ്കൽ സ്വദേശി അനന്തു (18) ‘ ഓച്ചിറ സ്വദേശി സന്തോഷ് (29) എന്നിവർക്കാണ് പരിക്കു പറ്റിയത്. ഇന്ന് പുലർച്ചെ മൂന്നിന് സംസ്ഥാന പാതയിൽ പിരപ്പൻകോട് കൊപ്പം പഞ്ചായത്ത് കിണർ ജംഗ്ഷന് സമീപം ആയിരുന്നു അപകടം.
ചക്കുളത്ത് കാവിൽ സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞു വരുകയായിരുന്ന നെടുമങ്ങാട് നവകേരളാ നാടക സമിതിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വെഞ്ഞാറമൂട് ഭാഗത്ത് നിന്നും വെമ്പായം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന മിനി ബസിൽ എതിരെ വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മിനി ബസ് റോഡിലേയ്ക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തി അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുകയായിരുന്നു.പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.