അഞ്ചല്‍: തിരുവനന്തപുരം വെഞ്ഞാറുംമൂട്ടില്‍ നിന്നും കവര്‍ച്ച ചെയ്ത കാര്‍ അഞ്ചലിന് സമീപം ഭാരതീപുരത്ത് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമെന്ന് പോലീസ്.
ഒന്നിലധികം പ്രതികള്‍ ഉണ്ടെന്ന നിഗമനത്തില്‍ എത്തിയ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞതയുള്ള സൂചനയും നല്‍കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. കവര്‍ച്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
മാസ്ക് ധരിച്ച് എത്തിയ യുവാവ് കാര്‍ ഷോറുമിന്റെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറി മേശയില്‍ നിന്നും താക്കോല്‍ എടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
പിന്നീട് സിസിടിവി കാമറകള്‍ ഓഫ് ചെയുകയും ചെയ്തിട്ടുണ്ട്. അഞ്ചലില്‍ നിന്നും ബൈക്ക് കവര്‍ച്ച ചെയ്ത് വെഞ്ഞാറുംമൂട്ടില്‍ എത്തുകയും ഇവിടെനിന്നും യൂസ്ഡ് കാര്‍ ഷോറൂം കുത്തി തുറന്ന് കാര്‍ മോഷ്ട്ടിച്ചു വരവേ ബൈക്ക് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു.
പിന്നീട് കാറുമായി വീണ്ടും അഞ്ചല്‍ മേഖലയില്‍ എത്തുകയും ഭാരതീപുരത്ത് കാര്‍ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്.
അതേസമയം കാര്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നല്ല ഉപേക്ഷിക്കപ്പെട്ടത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ മറ്റെന്തിങ്കിലും ലക്ഷ്യം കാര്‍ കവര്‍ച്ചക്ക് പിന്നിലുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഉടന്‍ പിടിയിലാകും. നിരവധി ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും പോലീസ് പറയുന്നു.