നിലമ്പൂര്‍: നിലമ്പൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ച് കടത്തിയ കേസിലെ ഇരുപതു കാരനായ പ്രതി മോഷണം തുടങ്ങിയത് പതിനാലാം വയസിൽ. മമ്പാട് കോലത്തുംകുന്ന് തയ്യില്‍ മുഹമ്മദ് ആദിലി(20)നെയാണ് കഴിഞ്ഞ ദിവസം കാർ മോഷണക്കേസിൽ പോലീസ് അറസ്റ്റു ചെയ്തത്.
ഞായറാഴ്ച പുലർച്ചെ ഇയാൾ മോഷ്ടിച്ച കാര്‍ വില്‍പ്പനയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടു പോകും വഴി വാളയാറില്‍ നിന്നാണ് നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ ടി. മുജീബ്, ഗിരിഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. കാര്‍ പൊളിച്ചു വില്‍ക്കാനാണ് കോയമ്പത്തൂരിലേക്കു കൊണ്ടുപോയതെന്നു പ്രതി മൊഴി നല്കി.
20 വയസുകാരനായ ഈ മോഷ്ടാവിന് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ്, കൊളത്തൂര്‍, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനുകളിലായി മോഷണ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
14ാം വയസ് മുതല്‍ മുഹമ്മദ് ആദില്‍ മോഷണം തൊഴിലാക്കി വരുന്നയാളാണെന്ന് പോലീസ് പറഞ്ഞു. നിലമ്പൂര്‍ പാത്തിപ്പാറയിലെ തരിയക്കോടന്‍ സല്‍മാന്റെ സില്‍വര്‍ കളര്‍ ടവേര കാര്‍ ശനിയാഴ്ച രാത്രി 11.30 നാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടത്.
കാറ്ററിംഗിനായി ഉപയോഗിക്കുന്ന കാറാണിത്. ഞായറാഴ്ച രാവിലെ നോക്കുമ്പോഴാണ് കാര്‍ മോഷണം പോയതായി കണ്ടത്. ഉടനെ നിലമ്പൂര്‍ പോലീസില്‍ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാളയാറില്‍ നിന്നു തിങ്കളാഴ്ച പുലര്‍ച്ചെ പോലീസ് കാര്‍ കണ്ടെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോലീസ് മുഹമ്മദ് ആദിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി.