കോട്ടയം: കാർ വാടകയ്ക്കെടുത്ത് മറിച്ചു വിൽപന നടത്തുന്ന സംഘത്തിലെ ഒരാൾകൂടി അറസ്റ്റിലായി. ചിങ്ങവനം സ്വദേശി അരുണ് (26) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. റിമാൻഡിലായ പ്രതികളെ വീണ്ടും കസറ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്്കുന്ന ഈസ്റ്റ് സിഐ നിർമൽ ബോസ് പറഞ്ഞു.
കോട്ടയം കേന്ദ്രമാക്കി നടത്തി വന്ന കാർ തട്ടിപ്പ് കേസിൽ കോട്ടയം പൂവന്തുരുത്ത് മാങ്ങാപറന്പിൽ ജെസ്റ്റിൻ വർഗീസ് (25), മലപ്പുറം മേലാറ്റൂർ ചാലിയതോടിയ അഹമ്മദ് ഈർഷാനുൾ ഫാരീസ് (21), തൃശൂർ കൂർക്കണ്ടശേരി കൊട്ടാരത്തിൽ ദിലീപ്കുമാർ (24), എന്നിവരെയാണ് നേരത്തേ അറസ്റ്റു ചെയ്തത്. ഇവർ നടത്തിയ 20 കാറുകളുടെ തട്ടിപ്പ് ഇതിനകം പുറത്തു വന്നു.
വിലകൂടിയ കാറുകൾ വാടകയ്ക്കടുത്തശേഷം മറിച്ചു വില്ക്കുകയാണ് സംഘം ചെയ്തിരുന്നത്. കോട്ടയത്ത് നിന്നും കാർ കാണാതായതുമായി ബന്ധപ്പെട്ടു ജില്ലാ പോലീസ് ചീഫ് പി.എസ്. സാബുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അന്തർ ജില്ലാ ബന്ധമുള്ള തട്ടിപ്പു സംഘത്തെ പിടിക്കാനായത്. ജെസ്റ്റിനെയാണ് ആദ്യം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മറ്റുള്ളവർ പിടിയിലായത്.
കാറുകൾ കാണാതായതുമായി ബന്ധപ്പെട്ടു പോലീസ് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാടകയ്ക്കെടുത്ത് മൂന്നു കാറുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോട്ടയത്തും സമീപ പ്രദേശങ്ങളിൽ നിന്നും ജെസ്റ്റിൻ വാടകയ്ക്കെടുക്കുന്ന കാറുകൾ തൃശൂരിലുള്ള അഹമ്മദ്, ദിലീപ്കുമാർ എന്നിവരുടെ ഓഫീസിൽ എത്തിച്ചശേഷം അവിടെ നിന്നും മറ്റുള്ളവർക്കു വാടകയ്ക്ക് നല്കുകയോ മറിച്ചു വില്ക്കുകയോ പണയം വയ്ക്കുകയോ ആണ് ചെയ്യുന്നത്.
20 ലക്ഷം രൂപവരെ വിലയുള്ള കാറുകൾ രണ്ടു ലക്ഷം രൂപയ്ക്കുമാണു സംഘം വില്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാർ, കോട്ടയം ഈസ്റ്റ് സിഐ നിർമൽ ബോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.