തളിപ്പറമ്പ്: തളിപ്പറമ്പില്‍ കാര്‍ തകര്‍ത്ത് പതിനാറാമത്തെ കവര്‍ച്ച, ഇന്നലെ മാത്രം രണ്ട് കാറുകള്‍ തകര്‍ത്ത് 18,000 രൂപ കവര്‍ച്ച ചെയ്തു. കാര്‍ തകര്‍ക്കല്‍ കള്ളന്മാര് വിലസുമ്പോഴും പോലീസ് ഇരുട്ടില്‍ തപ്പുന്നു, ജനങ്ങള്‍ പരിഭ്രാന്തിയില്‍. ഇന്നലെ പറശിനിക്കടവിലും സ്നേക്ക് പാര്ക്കിന് സമീപവും രണ്ട് കാറുകളാണ് മോഷ്ടാക്കള്‍ തകര്‍ത്തത്.
സ്നേക്ക് പാര്ക്കിന് സമീപത്ത് നിര്‍ത്തിയിട്ട ചുഴലി പയറ്റുചാല്‍ ചാലുവയല്‍ സ്വദേശി കുറ്റിയത്ത് ഹൗസില്‍ കെ.തോമസിന്റെ കെഎല്‍ 11 എഎല്‍ 5855 മാരുതി ആള്‍ട്ടോ കാറിലാണ് ആദ്യം കവര്‍ച്ചക്ക് ശ്രമം നടന്നത്. പിറകിലെ ഡോര്‍ തകര്‍ത്തുവെങ്കിലും ഒന്നും മോഷ്ടിക്കാനായില്ല. ഉച്ചക്ക് ശേഷം രണ്ടരയോടെ നീല ജീന്സു ചെക്ക് ഷര്‍ട്ടും ധരിച്ച രണ്ട് യുവാക്കള്‍ കാറിന് സമീപം നില്‍ക്കുന്നത് കണ്ടതായി ദൃക്സാക്ഷിള്‍ പറഞ്ഞു.
ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ തൊട്ടടുത്ത എംവിആര്‍ ആയുര്‍വേദ കോളജിലെ സിസിടിവി കാമറയില്‍ പതിഞ്ഞത് പോലീസ് ഇന്ന് പരിശോധിക്കും. ഈ സംഭവത്തിന് ശേഷം പറശിനിക്കടവ് പാലത്തിന് സമീപം നിര്‍ത്തിയിട്ട കാടാച്ചിറ സ്വദേശി പ്രവീണ്‍കുമാറിന്റെ കെഎല്‍ കെഎല്‍ 30 എബി 8728 മാരുതി 800 കാര്‍ തകര്‍ത്താണ് പ്രവീണ്‍കുമാറിന്റെ 17,000 രൂപയും സഹോദരിയുടെ 1000 രൂപയും ഉള്‍പ്പെടെ 18,000 രൂപയാണ് കവര്‍ന്നത്.
വൈകുന്നേരം നാലരയോടെ കാര്‍ നിര്‍ത്തിയിട്ട് പറശിനിക്കടവ് ക്ഷേത്രത്തില്‍ പോയതായിരുന്നു. ഒരു മണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് കാര്‍ ഡോര്‍ തകര്‍ത്ത നിലയില്‍ കണ്ടത്. നേരത്തെ സ്നേക്ക് പാര്ക്കിന് സമീപത്തെ കാര്‍ തകര്‍ത്ത അതേ സംഘം തന്നെയാണ് ഇതിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ആദ്യത്തെ കാര്‍ തകര്‍ത്തതില്‍ ഒന്നും കിട്ടാതിരുന്ന സംഘം ക്ഷേത്രപരിസരത്ത് എത്തി കവര്‍ച്ച നടത്തുകയായിരുന്നു. തളിപ്പറമ്പ് പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലാണെന്നും സൂചനകളുണ്ട്. കഴിഞ്ഞ മാസം 31 ന് രാത്രി രാജരാജേശ്വരക്ഷേത്ര പരിസരത്ത് നടന്ന കവര്‍ച്ചക്ക് ശേഷമാണ് ഇന്നലെ രണ്ട് കവര്‍ച്ചകള്‍ നടന്നത്.