തളിപ്പറമ്പ്: നഗരത്തില്‍ ഏഴാംതവണയും കാറിന്റെ ഗ്ലാസ് തകര്‍ത്ത് കവര്‍ച്ചാശ്രമം; ഇരുട്ടില്‍ തപ്പി പോലീസ്. തളിപ്പറമ്പ് മന്ന ആലക്കോട് റോഡിലാണ് ഇന്നലെ രാത്രി 9.45 ന് വീണ്ടും കാര്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം അരങ്ങേറിയത്. മന്നയില്‍ ഒരു സുഹൃത്തിനെ കാണാനെത്തിയ കുപ്പം മുക്കുന്നിലെ പാറമ്മല്‍ ഷാഫിയുടെ കെഎല്‍ 11 ബിഎച്ച് 876 നമ്പര്‍ എറ്റിയോസ് കാറിന്റെ പിന്‍സീറ്റിന് സൈഡിലെ രണ്ട് ഗ്ലാസുകളാണ് തകര്ക്കപ്പെട്ടതെങ്കിലും ഒന്നും മോഷ്ടിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടയില്‍ തളിപ്പറമ്പ് നഗരത്തില്‍ നടക്കുന്ന ഏഴാമത്തെ സംഭവമാണിത്.
മുമ്പ് നടന്ന കവര്‍ച്ചകളില്‍ മൂന്ന് കാറുകളില്‍ നിന്നായി 5.25 ലക്ഷം രൂപയാണ് മോഷ്ടിക്കപ്പെട്ടത്. ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ടുപേരാണ് കാറിന്റെ ഗ്ലാസുകള്‍ തകര്‍ത്തതെന്ന് ഇതിന് പിന്നില്‍ നിര്‍ത്തിയിട്ട കാറിലുണ്ടായിരുന്ന സ്ത്രീ പോലീസിനോട് പറഞ്ഞു. ഇവര്‍ ബഹളം വെച്ചതോടെയാണ് മോഷ്ടാക്കള്‍ പെട്ടെന്ന് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി കവര്‍ച്ചാശ്രമം നടന്ന മന്നക്ക് സമീപം സയ്യിദ് നഗറിലാണ് ജനുവരി 17 ന് ഇതേരീതിയില്‍ രണ്ട് ലക്ഷം രൂപ കവര്‍ന്നത്.
രാത്രി 9.45 ന് മകള്‍ പഠിക്കുന്ന സ്കൂളിലെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പുഷ്പഗിരിയിലെ വി.വി.അബ്ദുള്ളയുടെ കാറിന്റെ ഗ്ലാസ് തകര്‍ത്താണ് 2.25 ലക്ഷം മോഷ്ടിച്ചത്. ഇവിടെ തന്നെ പിന്നീട് മൂന്ന്തവണ കവര്‍ച്ചാശ്രമങ്ങളും നടന്നു. നഗരസഭാ ഓഫീസിന് സമീപത്ത്വെച്ചാണ് ഫെബ്രുവരി ഒന്നിന് പള്ളിയില്‍ നിസ്ക്കരിക്കാന്‍ വേണ്ടി പോയ മന്നയിലെ വ്യാപാരി ഉമ്മര്‍കുട്ടിയുടെ കെഎല്‍ 59 ആര് 1165 നമ്പര്‍ ഇന്നോവ ക്രിസ്റ്റ കാറിന്റെ രണ്ടാംനിര ഗ്ലാസ് തകര്‍ത്ത് മൂന്ന് ലക്ഷം രൂപയും രേഖകളും കവര്‍ന്നത്.
അന്നുതന്നെ രാത്രി ഒന്‍പതോടെ നെല്ലിപ്പറമ്പില്‍ വെച്ച് ഷാലിമാര്‍ സ്റ്റോര്‍ ഉടമ കരിമ്പത്തെ മൊയ്തീന്റെ കാറും തകര്‍ത്തിരുന്നുവെങ്കിലും ടിഫിന്‍ബോക്സ് മാത്രമാണ് മോഷ്ടാവിന് ലഭിച്ചത്. ഇത്തരത്തില്‍ ആറ് സംഭവങ്ങള്‍ നേരത്തെ നടന്നിട്ടും പ്രതികളെ കണ്ടെത്താനാവാത്ത പോലീസിനെതിരെ കടുത്ത ജനരോഷം ഉയരുന്നുണ്ട്. നഗരത്തില്‍ സുരക്ഷിതമായി കാര്‍ പാര്‍ക്ക് ചെയ്തുപോകാന്‍ ജനങ്ങള്‍ ഭയപ്പെടുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. കവര്‍ച്ചാശ്രമം നടന്ന കാര്‍ വിരലടയാള വിദഗ്ധരുടെ പരിശോധനക്കായി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കയാണ്. പ്രദേശത്തെ സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.