കോട്ടയം: കറുകച്ചാലിൽനിന്ന് തട്ടിയെടുത്ത 15 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര കാർ സംസ്ഥാനം കടന്നതായി സംശയം. അന്തർ സംസ്ഥാന കാർ മോഷ്ടാക്കളാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. കേരളത്തിൽ ആഡംബര കാർ തട്ടിയെടുത്ത് ബാംഗളൂരിൽ എത്തിക്കുന്ന വൻ സംഘത്തിലെ കണ്ണികളാണ് ഇപ്പോൾ പിടിയിലായവർ. സംഘത്തിൽ നിരവധി പേരുണ്ടെന്നും എറണാകുളം കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ് ഇതിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നു.
ഒളിവിലായിരുന്ന രാമങ്കരി കൈതപ്പറന്പിൽ പ്രേംലാൽ മാത്യു (37)വിനെയാണ് കറുകച്ചാൽ പോലീസ് ഇന്നലെ പിടികൂടിയത്. 2017 ഓഗസ്റ്റ് 27ന് കറുകച്ചാൽ ഉന്പിടി സ്വദേശിയായ ജോസഫ് ഫിലിപ്പിന്റെ കാർ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേസിലെ മറ്റൊരു പ്രതി തിരുവല്ല സ്വദേശി മാളിയേക്കൽ സച്ചിൻ എം.പോളിനെ (21) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കറുകച്ചാൽ സ്വദേശി വിനീത് (21), പത്തനംതിട്ട സ്വദേശി എന്നിവരെക്കൂടി ഇനി പിടികിട്ടാനുണ്ട്.
കാർ പല കൈമറിഞ്ഞ് പോയിട്ടുണ്ടെന്നും കൃത്യമായി എവിടെയാണെന്ന് അറിയില്ലെന്നുമാണ് പിടിയിലായ പ്രതിയുടെ മൊഴി. സച്ചിന്റെ സഹോദരിയുടെ കല്യാണ ആവശ്യത്തിനായി ഒരു ദിവസത്തേക്ക് വാഹനം വാടകയ്ക്ക് എന്ന പേരിലാണ് ഇവർ ജോസഫ് ഫിലിപ്പിനെ സമീപിച്ചത്. പ്രേംലാൽ മാത്യുവിന് ജോസഫ് ഫിലിപ്പിന്റെ മകനുമായി ഉള്ള പരിചയത്തിലാണ് വാഹനം നൽകിയത്. എന്നാൽ വാഹനം കൊണ്ടു പോയി ദിവസങ്ങൾ പിന്നിട്ടിട്ടും ഇവരെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല.
ഇതോടെയാണ് ജോസഫ് ഫിലിപ്പ് കറുകച്ചാൽ സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനം എവിടെയാണെന്ന് തനിക്കറിയില്ലെന്നും പ്രേംലാലും മൂന്ന് സുഹൃത്തുക്കളും എറണാകുളത്തേക്ക് കൊണ്ടു പോയെന്നും സച്ചിൻ പറഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്നു പ്രേംലാലിനായി പോലീസ് മാസങ്ങളായി അന്വേഷണത്തിലായിരുന്നു. ഇന്നലെ രാമങ്കരിയിലെ ബന്ധുവിന്റ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രേംലാലിനെ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ കാർ എവിടെയെന്ന് തനിക്കറിയില്ലന്നും എറണാകുളം സ്വദേശികൾക്ക് മറിച്ചു കൊടുത്തുവെന്നുമാണ് ഇയാളുടെ മൊഴി. പ്രേംലാലിനെ ഇന്നു ചങ്ങനാശേരി കോടതിയിൽ ഹാജരാക്കും. കറുകച്ചാൽ എസ്.ഐ.ഷെമീർ എം.കെ. നൗഷാദ്, സിപിഒമാരായ സാൻജോ, അനിൽ, സാജുദ്ദീൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.