കോഴിക്കോട്: പന്തീരാങ്കാവ് പൂളങ്കരയിൽ കാർ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നാട്ടുകാരും പോലീസും തമ്മിൽ സംഘർഷം. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതു തടഞ്ഞ നാട്ടുകാർ പോലീസിനെ ആക്രമിക്കുകയും പോലീസെത്തിയ വാഹനത്തിന്റെ ചില്ലു തകർക്കുകയും ചെയ്തു. സംഘർഷത്തിനിടെ പ്രതി രക്ഷപ്പെട്ടു.
എറണാകുളം ഞാറയ്ക്കലിൽനിന്നു മോഷണം പോയ കാർ അന്വേഷിച്ചാണ് എറണാകുളത്തുനിന്നു പോലീസ് ഇന്നലെ രാത്രി ഒമ്പതോടെ പൂളങ്കരയിലെത്തിയത്. പ്രതി പന്തിരാങ്കാവ് ബൈപ്പാസില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെ രഹസ്യമായി താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം എത്തിയത്. പന്തിരാങ്കവ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ടു തുടക്കത്തില്‍ വിവരം ലഭിച്ചിരുന്നില്ല.
പ്രതിയായ ഷിഹാബിനെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി ബഹളം വച്ചത്. ഇതുകേട്ടു നാട്ടുകാർ ഓടിക്കൂടി. ഇത് കാർ മോഷണക്കേസ് പ്രതിയാണെന്ന് പോലീസ് പറയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ കേൾക്കാൻ കൂട്ടാക്കിയില്ല. ഇവർ പോലീസുകാരെയും അവർ എത്തിയ വാഹനവും ആക്രമിക്കുകയായിരുന്നു.
സ്വകാര്യ വാഹനത്തിലാണ് പോലീസ് എത്തിയത്. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയിലായിരുന്നു. ഒരാള്‍ യൂണിഫോമിലുമായിരുന്നു. പന്തീരാങ്കാവ് പോലീസ് അല്ലാത്തതിനാല്‍ ആരാണു വന്നതെന്നോ , എന്താണ് സംഭവിക്കുന്നതെന്നോ നാട്ടുകാരില്‍ ഒരുവിഭാഗത്തിനു മനസിലായില്ലെന്നു പറയുന്നു. ഇതിനിടെ എനിക്ക് ഒന്നുമറിയില്ലെന്നും അനാവശ്യമായി പീഡിപ്പിക്കുന്നതായും ഷിഹാബ് ബഹളം വച്ചു.
നാട്ടുകാര്‍ സംഘടിച്ചതോടെ ഉദ്യോഗസ്ഥര്‍ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഇവിടെ നിന്നു കൂടുതല്‍ പോലീസ് എത്തി നാട്ടുകാരെ ലാത്തി വീശി ഓടിക്കുകയായിരുന്നു. ബഹളത്തിനിടെ ഓടി രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ നാട്ടുകാരായ നൂറു പേര്‍ക്കെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്.