തിരുവല്ല: പോർച്ചിൽ കിടന്ന കാർ അപഹരിച്ചു. വീട്ടുകാർ സ്ഥലത്തില്ലാതിരുന്ന തക്കംനോക്കിയാണ് മോഷണം. കഴിഞ്ഞ ദിവസം രാത്രി തീപ്പനി പറമ്പിൽപുത്തൻവീട്ടിൽ സജീവ് മാത്യുവിന്റെ പോർച്ചിൽ കിടന്ന സ്വിഫ്റ്റ് ഡിസയർ കാറാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. വീടിന്റെ മുൻവാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ കാറിന്റെ താക്കോൽ വീടിനുള്ളിൽനിന്നെടുത്താണ് കാർ ഓടിച്ചുകൊണ്ടുപോയത്.
വീടിന്റെ പിൻവാതിലും തുറന്നുകിടന്നിരുന്നു. പൂട്ടിക്കിടന്ന ഗേറ്റും തുറന്നാണ് കാർ കൊണ്ടുപോയിട്ടുള്ളത്.വീട്ടുകാർ രണ്ടുദിവസംമുമ്പ് ഒരു ചടങ്ങിൽ പങ്കെടുക്കാനായി ബംഗളൂരുവിനു പോയിരുന്നു. ഈ തക്കം നോക്കിയാണ് മോഷ്ടാക്കൾ വീട്ടിലെത്തിയതെന്ന് പറയുന്നു. വീടിനുള്ളിൽ മേശയും അലമാരയുമൊക്കെ തുറന്ന് പരിശോധിച്ചെങ്കിലും മറ്റൊന്നും കൊണ്ടുപോയിട്ടില്ല.
അകത്തുകടന്ന മോഷ്ടാക്കൾ അടുക്കളയിൽ കയറി ഓംലറ്റും ഉണ്ടാക്കി കഴിച്ചതായി പറയുന്നു. വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. തിരുവല്ല പോലീസ് കേസെടുത്ത് അന്വഷണം നടത്തിവരുന്നു. വീട്ടുടമസ്ഥർ ഇന്നലെ വൈകുന്നേരമാണ് മടങ്ങിയെത്തിയത്.