ന്യൂഡൽഹി: അഞ്ചു വർഷം കൊണ്ട് 500 ആഡംബര കാറുകൾ മോഷ്ടിച്ച യുവാവും സംഘവും പിടിയിൽ. വർഷംതോറും നൂറു കാറുകൾ അടിച്ചെടുക്കുകയെന്ന ടാർജറ്റ് വച്ചാണ് സംഘം മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സിനിമാക്കഥകളെ വെല്ലുന്ന കൃത്യമായ ആസൂത്രണത്തോടെയായിരുന്നു വർഷങ്ങളോളം മോഷണം നടത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. ഹിന്ദി സിനിമയായ ധൂമിൽനിന്നാണ് ആശയം മനസിലുദിച്ചത്.
വടക്കൻ ഡൽഹിയിലെ നന്ദ് നാഗ്രി പ്രദേശത്തുള്ള 29-കാരനായ സഫ്രുദീനും സഹായി മുഹമ്മദ് ഷരീഖും മറ്റു മൂന്നു സംഘാംഗങ്ങളുമാണ് പോലീസ് വലയിൽ കുടുങ്ങിയത്. മോഷണം നടത്തിയ ശേഷം പോലീസ് പിടിക്കാതിരിക്കാൻ ഇയാൾ വിമാനത്തിൽ ഹൈദരാബാദിലേക്ക് മുങ്ങുകയായിരുന്നു പതിവ്. കാറുകളുടെ ഇലക്ട്രോണിക് പൂട്ട് പൊളിക്കാൻ അത്യാധുനിക സെൻട്രലൈസ്ഡ് ലോക്കുകളും ജിപിഎസ്, മികച്ച സോഫ്റ്റ്വെയറുകൾ, ലാപ്ടോപ് തുടങ്ങിയ സംവിധാനങ്ങളുമായാണ് സംഘം മോഷണത്തിന് എത്തിയിരുന്നത്.
വർഷം തോറും കൃത്യം 100 കാർ മോഷ്ടിക്കുകയായിരുന്നു തന്റെ ടാർഗറ്റ് എന്ന് സഫ്രുദീൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. നൂറിൽ കൂടുതൽ വേണ്ട. കഴിയുമെങ്കിൽ ആഡംബര കാറുകൾ മാത്രമാണ് അടിച്ചുമാറ്റുക. ആഡംബര കാറുകൾ മോഷ്ടിക്കാൻ സ്റ്റൈലിലായിരുന്നു വരവും പോക്കും. ഡൽഹിക്കാരൻ ആണെങ്കിലും ഹൈദരാബാദിൽ നിന്ന് വിമാനത്തിൽ പറന്നെത്തിയാണ് കൃത്യം നിർവഹിച്ചിരുന്നത്. ഇതിനു ശേഷം വിമാനത്തിൽ തന്നെ ഹൈദരാബാദിലേക്ക് മടങ്ങും.
കഴിഞ്ഞ ദിവസം ഡൽഹിയിലെ ഗഗൻ സിനിമ തീയേറ്ററിനു സമീപം പരിശോധനയ്ക്കായി പോലീസ് തടഞ്ഞപ്പോൾ സഫ്രുദീനും സംഘവും നിർത്താതെ പോയി. തുടർന്ന് പോലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളെ പിടിക്കുന്നവർക്ക് നേരത്തെ ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ജൂണ് അഞ്ചിന് ഡൽഹിയിലെ വിവേക് വിഹാറിൽ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സംഘത്തിലെ നൂർ മുഹമ്മദ് എന്നയാൾ കൊല്ലപ്പെട്ടിരുന്നു. രവി കുൽദീപ് എന്നയാളെ പോലീസ് പിടികൂടുകയും ചെയ്തു. സഫ്രുദീനും സംഘത്തിലെ മറ്റു രണ്ടുപേരും രക്ഷപെട്ടു. പോലീസിനു നേരെ വെടിയുതിർത്ത സംഘത്തിനു നേർക്ക് പോലീസും വെടിവയ്ക്കുകയായിരുന്നുവെന്ന് ഡിവൈഎസ്പി രാജേഷ് ദിയോ പറഞ്ഞു.