പയ്യന്നൂര്‍: കാനായി കാനത്ത് വിവാഹ ശേഷമുള്ള ഔട്ട് ഡോര്‍ ചിത്രീകരണത്തിനെത്തിയ സംഘത്തിന്റെ രണ്ട് കാറുകളുടെ ചില്ലുകള്‍ തകര്‍ത്ത് സ്വര്‍ണാഭരണങ്ങളും പണവും വീഡിയോ കാമറയും ലെന്‍സും കവര്‍ന്ന സംഭവത്തില്‍ പ്രതികളെപ്പറ്റി പോലീസിന് സൂചന ലഭിച്ചു. പ്രതിയുടെ രേഖാചിത്രവും പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന ചുവന്ന പള്‍സര്‍ ബൈക്കിനെപ്പറ്റിയുമുള്ള വിവരങ്ങളും പോലീസ് പുറത്ത് വിട്ടതിനെ തുടര്‍ന്നാണ് പ്രതികളെപ്പറ്റിയുള്ള നിര്‍ണായക സൂചന ലഭിച്ചത്.
വാഹന ഉടമകളുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ശക്തമാക്കിയതിനിടയിലാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന ചുവന്ന പള്‍സര്‍ ബൈക്കിനെപറ്റിയുള്ള വിവരം ലഭിച്ചത്.ബൈക്കില്‍ വന്നിരുന്ന ആളെ കണ്ടിരുന്ന ദൃക്സാക്ഷിയില്നിന്നും ലഭിച്ച വിവരണത്തിലാണ് പോലീസ് രേഖാചിത്രം തയാറാക്കിയത്. ഈ രേഖാചിത്രവും പ്രതികളിലേക്കെത്താന്‍ പോലീസിന് സഹായകമായിട്ടുണ്ട്.സൈബര്‍ സെല്ലിന്റെ പരിശോധനാ റിപ്പോര്‍ട്ടുകൂടി ലഭിക്കുന്നതോടെ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സാധിക്കും.
കഴിഞ്ഞ 21ന് ഉച്ചക്ക് 1.30 ഓടെ ഇവിടെ എത്തിയ ദമ്പതികളും കാമറാമാന്മാരും റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ട ശേഷം താഴെയുള്ള വെള്ളച്ചാട്ടത്തിനരികില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി തിരിച്ച് വരുമ്പോഴേക്കും കവര്‍ച്ച നടന്നിരുന്നു. 80 ഡി കാനന്‍ വീഡിയോ കാമറ, ലെന്‍സ്, മെമ്മറി കാര്‍ഡ് ഇവ അടങ്ങിയ ബാഗ്, രണ്ട് കാമറാ ഫ്ളാഷ് എന്നിവയും വിവാഹ പാര്‍ട്ടിയുടെ നാല് പവനിലധികം വരുന്ന സ്വര്‍ണ്ണാഭരണങ്ങൾ, 15,000 രൂപ, വസ്ത്രങ്ങള്‍ എന്നിവ അടങ്ങിയ ബാഗുമാണ് കാറുകളുടെ ഗ്ലാസ് തകര്‍ത്ത് കവര്‍ച്ച ചെയ്തിരുന്നത്.