പിടിച്ചു പറിക്കാനോ മോഷ്ടിക്കാനോ വരുന്നവരെ അടിച്ചോ ഇടിച്ചോ ഓടിക്കാറുണ്ട്. എന്നാൽ, ഇവിടെ കൊള്ളയടിക്കാനെത്തിയവരെ പെട്രോൾ ചീറ്റിച്ചാണ് ഓടിച്ചത്.
അതിനേക്കാൾ സമയോചിതമായി പ്രതികരിക്കാനുള്ള കാർ ഉടമയുടെ കഴിവിനെയാണ് എല്ലാവരും പുകഴ്ത്തിയിരിക്കുന്നത്.
ചിലിയിലെ ഒരു പെട്രോൾ പന്പിൽ രാത്രിയിൽ നടന്നെന്നു തോന്നുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കാറിൽ പെട്രോളടിക്കാൻ കയറിയതായിരുന്നു അയാൾ. രാത്രി സ്വയം പെട്രോൾ നിറയ്ക്കേണ്ട പന്പ് ആയിരുന്നു അത്.
ഉടമ കാർ നിർത്തിയ ശേഷം പുറത്തിറങ്ങി പെട്രോളടിച്ചു കൊണ്ടിരിക്കുന്പോഴാണ് വെള്ള നിറത്തിലുള്ള ഒരു വാൻ അമിത വേഗത്തിൽ പാഞ്ഞെത്തി കാറിനോടു ചേർന്നു ബ്രേക്കിട്ടു നിന്നത്.
ആദ്യം സംഭവം മനസിലായില്ലെങ്കിലുംവാഹനത്തിൽനിന്നു മുഖം മൂടി ധരിച്ച മൂന്നു പേർ ചാടിയിറങ്ങിയതോടെ കാറുടമ അപകടം മണത്തു. അതിൽ ഒരാൾ ഡ്രൈവിംഗ് സീറ്റിനരികിലേക്കാണ് ഓടിയത്.
പെട്ടെന്നു പെട്രോൾ നിറച്ചുകൊണ്ടിരുന്നയാൾക്ക് ഒരു കാര്യം മനസിലായി, കൊള്ള സംഘമാണ് തന്റെ അടുത്തു വാഹനം നിർത്തിയിരിക്കുന്നത്.
അക്രമികൾ കാറിനെ വളഞ്ഞതോടെ വളരെപ്പെട്ടെന്നാണ് കാറുടമ പ്രതികരിച്ചത്. ഒരു നിമിഷം പോലും കളയാതെ അദ്ദേഹം വാഹനത്തിൽ പെട്രോൾ നിറച്ചിരുന്ന നോസിൽ എടുത്ത് അക്രമികൾക്കു നേരേ പെട്രോൾ ചീറ്റിച്ചു.
അപ്രതീക്ഷിതമായി മുഖത്തേക്കും മറ്റും പെട്രോൾ വീണതോടെ അക്രമികൾ പതറി. എപ്പോൾ വേണമെങ്കിലും തീപിടിക്കാവുന്ന ദ്രാവകം ശരീരത്തിലും വാഹനത്തിലും വീണതോടെ അക്രമി സംഘം ഒാടി രക്ഷപ്പെട്ടു.
കാറുടമയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടതെന്നു ദൃശ്യങ്ങൾ കണ്ടവരെല്ലാം പറയുന്നു.
ആ പെട്രോളിന്റെ പണം അയാൾ നൽകേണ്ടല്ലേ എന്ന തമാശയും വീഡിയോയ്ക്കു കമന്റായി വീഴുന്നത്.