കൊച്ചി: കോട്ടയം-കൊച്ചി സംസ്ഥാന പാതയില്‍ നാലു അത്യാഡംബര വിദേശ നിര്‍മിത സ്പോര്‍ട്സ് കാറുകള്‍ മത്സരയോട്ടം നടത്തിയത് സംബന്ധിച്ചു മോട്ടോര്‍ വാഹന വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സിനിമാതാരങ്ങളായ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും അവരുടെ സ്പോര്‍ട്സ് കാറുകളില്‍ റോഡില്‍ മത്സയോട്ടം നടത്തുന്നുവെന്ന രീതിയിലാണ് വീഡിയോ പുറത്തുവന്നത്.
പോര്‍ഷെ, ലംബോര്‍ഗിനി തുടങ്ങിയ നാല് ആഡംബര കാറുകളാണ് വീഡിയോയിലുള്ളത്. ബൈക്ക് യാത്രികരായ രണ്ടു പേര് ഇവരെ പിന്തുടര്ന്നു ചിത്രീകരിച്ച രീതിയിലാണ് വീഡിയോ.
സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഈ മത്സയോട്ടം കോട്ടയം-കൊച്ചി പാതയില്‍ എന്ന്, എപ്പോള്‍ ആണ് നടന്നതെന്നത് സംബന്ധിച്ചും കാറുകള്‍ നടന്മാര് തന്നെയാണോ ഓടിച്ചിരുന്നത് എന്നതു സംബന്ധിച്ചും മോട്ടോര്‍ വാഹന വകുപ്പിനു ഇനിയും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
എംസി റോഡിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടുത്തെ സിസിടിവി കാമറകള്‍ പരിശോധിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചവരെ കണ്ടെത്തിയിരുന്നെങ്കിലും അവയിലൊന്നും ഈ കാറുകള്‍ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ പറയുന്നു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. വീഡിയേയില്‍ തെളിഞ്ഞു കാണുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള പോര്‍ഷെ കാറിന്റെ നമ്പറായ ടിഎന്‍ 01 എഎഫ് 0911 ദുല്‍ഖര്‍ സല്‍മാന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, സാധാരണ ബൈക്ക് ഉപയോഗിച്ച് അതിവേഗത്തിൽ പോകുന്ന ഈ ആഡംബര വാഹനങ്ങളെ പിന്തുടരുന്നത് എങ്ങനെയാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. അതിനാൽ വീഡിയോയുടെ ആധികാരികതയും കൂടുതൽ പരിശോധിക്കും. വീഡിയോയെക്കുറിച്ച് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്തായാലും വാഹനങ്ങൾ ഇവരുടേതാണെന്നും ഇതിൽ ഉണ്ടായിരുന്നത് ഇവരാണെന്നും വ്യക്തമായാൽ നടപടിയെടുക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായി ഒരു ലൈസൻസിന്റെ പേരിൽ പോരാട്ടം നടത്തുന്ന സൂപ്പർ സ്റ്റാറായി പൃഥ്വിരാജ് നേരത്തെ അഭിനയിച്ചിരുന്നു. ഈ പടം ഹിറ്റ് ആവുകയും ചെയ്തു.
ഇതിനു സമാനമായ ഒരു പോരാട്ടം താരവും മോട്ടോർ വാഹന വകുപ്പും തമ്മിൽ യഥാർഥ ജീവിതത്തിലും ഉണ്ടാകുമോയെന്ന ആകാംക്ഷയിലാണ് ജനം.