ഇടുക്കി: മോട്ടോര്‍ വാഹന നിയമത്തിന് പുല്ലുവില കല്‍പ്പിച്ച് വാഹനത്തിനുള്ളില്‍ നിന്നും ശരീരം പുറത്തിട്ട് യുവാക്കള്‍ നടത്തുന്ന അഭ്യാസ പ്രകടനങ്ങള്‍ മൂന്നാറിലെ പാതകളില്‍ നിര്‍ബാധം തുടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നു വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുത്തെങ്കിലും ഇതവഗണിച്ചാണ് കഴിഞ്ഞ ദിവസവും യുവാക്കള്‍ വാഹനത്തില്‍ നിന്നും ശരീരം പുറത്തിട്ട് സാഹസിക യാത്ര നടത്തിയത്.
മൂന്നാര്‍-മാട്ടുപ്പെട്ടി റോഡിലായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. കേരള, കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറുകളിലായിരുന്നു യുവാക്കള്‍ റോഡ് നിയമങ്ങള്‍ പാടെ ലംഘിച്ച് യാത്ര നടത്തിയത്.ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ മൂന്നാര്‍ മേഖലയില്‍ പതിവായതോടെ ലോക്കാട് ഗ്യാപ്പില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇതിനിടെയാണ് വീണ്ടും യുവാക്കളുടെ അപകട യാത്ര സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വാഹനത്തിന്റെ പിന്‍സീറ്റിലിരുന്ന യുവാക്കള്‍ തലയും ഉടലും വിന്‍ഡോ വഴി പുറത്തിട്ടായിരുന്നു യാത്ര നടത്തിയത്.
ചെറിയ തോതില്‍ മഴയുണ്ടായിരുന്ന സമയത്താണ് യുവാക്കള്‍ അഭ്യാസത്തിന് മുതിര്‍ന്നത്.സംഭവം ശ്രദ്ധയില്‍ പെട്ടതോടെ വാഹനത്തിനും ഡ്രൈവറിനും എതിരേ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് വാഹന വകുപ്പ്. സമാനമായ രീതിയില്‍ ലോക്കാട് ഗ്യാപ്പില്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും എതിരേ ലൈസന്‍സ് സസ്പെന്ഷന് ഉള്‍പ്പെടെ കടുത്ത നടപടികളായിരുന്നു ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്.
എന്നാല്‍ ഇത്തരക്കാര്‍ക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പലപ്പോഴും പരിധി വിടുന്ന ഇത്തരം യാത്രകള്‍ മറ്റു വാഹനങ്ങള്‍ക്കും വിനയായി മാറാറുണ്ട്.